ജില്ലയിലെ ബാങ്ക് ഇടപാടുകള്‍ സമ്പൂര്‍ണ്ണമായി ഡിജിറ്റലായതിന്റെ പ്രഖ്യാപനം ആഗസ്റ്റ് 23 ന് ജില്ലാ കളക്ടര്‍ എ. ഗീത ഔദ്യോഗികമായി നിര്‍വ്വഹിക്കും. രാവിലെ 9.30 ന് കല്‍പ്പറ്റ ഹരിതഗിരി ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ ചലച്ചിത്ര സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് മുഖ്യ അതിഥിയാകും. രാജ്യത്തെ ആദ്യ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ ബാങ്കിംഗ് സംസ്ഥാനമാകാന്‍ കേരളം ഒരുങ്ങുന്നതിന്റെ ഭാഗമായിട്ടാണ് ‘വയനാട് ഡിജിറ്റലിലേക്ക്’ എന്ന പേരില്‍ ജില്ലയിലും ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ചത്. സേവിങ്‌സ്, കറന്റ് അക്കൗണ്ടുകളിലെ ഡിജിറ്റല്‍ ഇടപാട് സംവിധാനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ക്യാമ്പയിനിലൂടെ പരിചയപ്പെടുത്തി. ജില്ലയിലെ മുഴുവന്‍ സേവിങ്‌സ്, കറന്റ് അക്കൗണ്ടുകള്‍ക്കും ഏതെങ്കിലും തരത്തിലുള്ള ഡിജിറ്റല്‍ സേവനങ്ങള്‍ ഉറപ്പാക്കിയാണ് വയനാടും സമ്പൂര്‍ണ്ണ ഡിജിറ്റല്‍ ബാങ്കിംഗ് ജില്ലയായത്. റിസര്‍വ് ബാങ്കിന്റെയും, സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയുടെയും മേല്‍നോട്ടത്തില്‍ ജില്ലാഭരണകൂടത്തിന്റെ സഹായത്തോടെ ലീഡ് ബാങ്കാണ് പദ്ധതി നടപ്പിലാക്കിയത്. റിസര്‍വ് ബാങ്കിന്റെയും സംസ്ഥാനതല ബാങ്കേഴ്‌സ് കമ്മിറ്റിയുടെയും, പ്രമുഖ ബാങ്കുകളുടെയും ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ സംബന്ധിക്കും.