മഴക്കെടുതിയെത്തുടർന്ന് തിരുവനന്തപുരം ജില്ലയിൽ 68 ദുരിതാശ്വാസ
ക്യാമ്പുകളാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ചിറയിൻകീഴ്, നെയ്യാറ്റിൻകര,
കാട്ടാക്കട നെടുമങ്ങാട്, വർക്കല എന്നീ ആറു താലൂക്കുകളിലുമായി 1688
കുടുംബങ്ങളിലായി 5753 പേരാണു ദുരിതാശ്വാസ കേന്ദ്രങ്ങളിൽ കഴിയുന്നത്. ഇതിൽ
2399 പേർ സ്ത്രീകളാണ്. 1949 പുരുഷൻമാരും, 1135 കുട്ടികളും ക്യാമ്പുകളിൽ
ഉണ്ട്.
എല്ലാ ക്യാമ്പുകളിലും ഭക്ഷണവും കുടിവെള്ളവും ലഭ്യമാകുന്നുണ്ടെന്ന്
ക്യാമ്പുകളുടെ ചുമതലയുള്ള തഹസിൽദാർമാർ അറിയിച്ചു. സന്നദ്ധ സംഘടനകളും
വ്യക്തികളും ക്യാമ്പുകളിൽ എത്തിക്കുന്ന ആഹാരത്തിനു പുറമെ അതത് താലൂക്ക്
ഓഫീസുകൾ കേന്ദ്രീകരിച്ച് ജീവനക്കാരും വോളന്റിയർമാരും ആഹാരം പാകം ചെയ്ത്
ആവശ്യക്കാർക്ക് എത്തിക്കുകയും ചെയ്യുന്നുണ്ട്. എല്ലാ ക്യാമ്പുകളിലും
മെഡിക്കൽ സേവനം ലഭ്യമാക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.