സംസ്ഥാന സര്‍ക്കാറിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം ജില്ലയില്‍ നാളെ ( ചൊവ്വ) തുടങ്ങും. 231596 റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കാണ് ഓണത്തോടനുബന്ധിച്ച് സൗജന്യ ഭക്ഷ്യകിറ്റുകള്‍ ലഭ്യമാകുക. റേഷന്‍ കടകള്‍ വഴിയാണ് കിറ്റുകളുടെ വിതരണം. 447 രൂപ മൂല്യമുളള ഭക്ഷ്യക്കിറ്റില്‍ തുണി സഞ്ചി ഉള്‍പ്പടെ പതിനാല് ഇനങ്ങളാണ് ഉള്‍പ്പെട്ടിട്ടുളളത്. ആഗസ്റ്റ് 23,24, തിയതികളില്‍ എ.എ.വൈ കാര്‍ഡുകാര്‍ക്കും, 25, 26, 27 തീയതികളില്‍ പിങ്ക് കാര്‍ഡുടമകള്‍ക്കും 29, 30, 31 തീയതികളില്‍ നീല കാര്‍ഡുടമള്‍ക്കും കിറ്റുകള്‍ നല്‍കും. സെപ്റ്റംബര്‍ 1,2,3 തീയതികളിലാണ് വെള്ള കാര്‍ഡുകള്‍ക്കുളള കിറ്റ് വിതരണം. നിശ്ചയിച്ച ദിവസങ്ങളില്‍ ഭക്ഷ്യകിറ്റുകള്‍ വാങ്ങാന്‍ കഴിയാത്തവര്‍ക്ക് സെപ്തംബര്‍ 4, 5, 6, 7 തീയതികളില്‍ വിതരണം ചെയ്യും. ഏഴാം തീയതിയോടെ ഭക്ഷ്യക്കിറ്റ് വിതരണം പൂര്‍ത്തിയാക്കും. ഓണത്തിന് ശേഷം കിറ്റ് വിതരണം ഉണ്ടാകില്ല. റേഷന്‍ കട സൗകര്യം ഇല്ലാത്ത കോളനികളില്‍ മൊബൈല്‍ റേഷന്‍ കട വഴി കിറ്റുകള്‍ എത്തിച്ചു നല്‍കും.

ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഓണക്കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. കളക്‌ട്രേറ്റില്‍ നടന്ന ചടങ്ങില്‍ കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ കേയംതൊടി മുജീബ് അധ്യക്ഷത വഹിച്ചു. ജില്ലാ സപ്ലൈകോ ഓഫീസര്‍ പി.എ സജീവ്, സപ്ലൈകോ ഡിപ്പോ മാനേജര്‍ ആഭ രമേഷ്, സപ്ലൈകോ സൂപ്രണ്ട് ഇ.എസ് ബെന്നി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ വിജയന്‍ ചെറുകര, കെ. വി മാത്യു, രാജു കൃഷ്ണ തുടങ്ങിയവര്‍ പങ്കെടുത്തു.