സംസ്ഥാന സർക്കാരിന്റെ ഓണസമ്മാനം
സൗജന്യ ഓണക്കിറ്റിന്റെ കോഴിക്കോട് ജില്ലാതല ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിർവഹിച്ചു.

വിലക്കയറ്റം നേരിടുന്ന സാഹചര്യത്തിൽ  ഭക്ഷ്യക്കിറ്റിന്റെ വിതരണം സംസ്ഥാന സർക്കാരിന്റെ സമ്മാനമാണെന്ന്  ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
തുണി സഞ്ചി ഉൾപ്പടെ 14 ഇനം ആവശ്യ സാധനങ്ങളാണ് കിറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ജില്ലയിൽ 8,70,722 കുടുംബങ്ങൾക്കാണ് സൗജന്യ ഓണക്കിറ്റ്  ലഭിക്കുക. ചടങ്ങിനോടനുബന്ധിച്ച് മുൻഗണന റേഷൻ കാർഡ് വിതരണവും നടന്നു.

മുഴുവൻ റേഷൻ കാർഡ് ഉടമകൾക്കും നിശ്ചയിക്കപ്പെട്ട ദിവസങ്ങളിൽ ഓണക്കിറ്റ് കൈപ്പറ്റാം. മഞ്ഞ കാർഡുടമകൾ ഓഗസ്റ്റ് 23, 24 തീയതികളിലും പിങ്ക് കാർഡുടമകൾ ഓഗസ്റ്റ് 25, 26,27 തീയതികളിലും ഭക്ഷ്യ കിറ്റുകൾ വാങ്ങണം. നീല കാർഡുടമകൾക്ക് ഓഗസ്റ്റ്  29, 30, 31 തീയതികളിൽ കിറ്റ് വാങ്ങാം. വെള്ള കാർഡുള്ളവർ സെപ്റ്റംബർ 1,2, 3 തീയതികളിൽ കിറ്റ് വാങ്ങണം.

നിശ്ചയിക്കപ്പെട്ട ദിവസങ്ങളിൽ ഓണക്കിറ്റ് വാങ്ങാൻ കഴിയാത്തവർക്ക് സെപ്റ്റംബർ 4 മുതൽ 7 വരെ കിറ്റ് കൈപ്പറ്റാവുന്നതാണ്. സെപ്റ്റംബർ 7 ന് ശേഷം ഓണക്കിറ്റ് വിതരണം ഉണ്ടായിരിക്കുന്നതല്ല.
നീല,വെള്ള കാർഡ് ഉടമകൾക്ക് 10 കിലോ അരി സ്പെഷ്യൽ റേഷൻ ആയി നൽകും.

ഈ ഓണക്കാലത്ത് മാത്രമായി ജില്ലയിൽ മുൻഗണനാ വിഭാഗത്തിന് 1312 റേഷൻ കാർഡുകൾ പുതിയതായി അനുവദിച്ചു. ഈ കാർഡ് ഉപയോഗിച്ച്  ഭക്ഷ്യധാന്യങ്ങൾക്കു പുറമേ വിദ്യാഭ്യാസം, ചികിത്സ മറ്റ് ആനുകൂല്യങ്ങളും ലഭ്യമാകുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ കെ രാജീവ് പറഞ്ഞു.

വാർഡ് കൗൺസിലർ എം. എൻ പ്രവീൺ അധ്യക്ഷനായിരുന്ന ചടങ്ങിൽ
എ ഡി എം സി. മുഹമ്മദ്‌ റഫീഖ് മുഖ്യാതിഥിയായിരുന്നു. രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സത്യൻ കടിയങ്ങാട്, പി ടി  ആസാദ്, സി അബ്ദുൽ റഹീം, തുടങ്ങിയവർ പങ്കെടുത്തു.
ജില്ലാ സപ്ലൈ ഓഫീസർ കെ. രാജീവ് സ്വാഗതവും കൊയിലാണ്ടി സപ്ലൈകോ ഡിപ്പോ മാനേജർ പി ഫൈസൽ നന്ദിയും പറഞ്ഞു.