ജില്ലാ ഭരണകൂടത്തിന്റെയും വിനോദസഞ്ചാരവകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികൾക്ക് പൊലിമയേകാൻ നഗരം ദീപാലംകൃതമാക്കും. സെപ്തംബർ രണ്ടു മുതൽ 11 വരെ നടക്കുന്ന ഓണാഘോഷ പരിപാടികളുടെ ഭാഗമായി നഗരത്തിലെ സർക്കാർ – പൊതുമേഖല- സ്വകാര്യ സ്ഥാപനങ്ങളും ആരാധനാലയങ്ങളുമാണ് ദീപാലംകൃതമാക്കുക.

മാനാഞ്ചിറ, മിഠായിതെരുവ്, വലിയങ്ങാടി, ബീച്ച്, കുറ്റിച്ചിറ, പാളയം തുടങ്ങിയ സ്ഥലങ്ങളും സി.എസ്.ഐ. പള്ളി, പട്ടാള പള്ളി, മൊയ്തീൻ പളളി, തളി ക്ഷേത്രം തുടങ്ങിയ ആരാധനാലയങ്ങളും ഈ ദിവസങ്ങളിൽ പ്രകാശപൂരിതം ആകും. പൊലീസ് കമ്മീഷണർ ഓഫിസ്, എൽ.ഐ.സി കെട്ടിടം, എസ്.ബി.ഐ. തുടങ്ങിയ സ്ഥാപനങ്ങളും, ആശുപത്രികളും ഉൾപ്പെടെ നഗര കേന്ദ്രത്തിലെ പ്രധാന ഭാഗങ്ങളാണ് അലങ്കരിക്കുക.

മികച്ച രീതിയില്‍ ദീപാലങ്കാരം ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് സമ്മാനങ്ങളും നൽകും. കോഴിക്കോട് ബീച്ചിൽ സ്വാഗതസംഘം ഓഫീസിൽ ചേർന്ന യോഗത്തിൽ ഇല്ലുമിനേഷൻ സബ് കമ്മിറ്റി ചെയർമാൻ എം മെഹബൂബ്, നഗരവികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.കൃഷ്ണകുമാരി, ജനറൽ കൺവീനറും ടൂറിസം ജോയന്റ് ഡയറക്ടറുമായ ടി. ജി. അഭിലാഷ് കുമാർ, വിവിധ സ്ഥാപനങ്ങളിലെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.