ഒരു കുഴിയുമില്ലാത്ത രീതിയില്‍ കേരളത്തിലെ റോഡുകളെ മാറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് പൊതുമരാമത്ത് ,  ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.
ഉത്സവാന്തരീക്ഷത്തില്‍ അഭൂതപൂര്‍വമായ ജന പങ്കാളിത്തം കൊണ്ട് നിറഞ്ഞ കൊക്കാത്തോട് അള്ളുങ്കല്‍ ജംഗ്ഷനില്‍ ആധുനിക നിലവാരത്തില്‍ നിര്‍മിക്കുന്ന കല്ലേലി- കൊക്കത്തോട് റോഡിന്റെ നിര്‍മാണ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഘട്ടം ഘട്ടമായി റോഡുകളുടെ പൂര്‍ണ പരിപാലനം നടത്തുകയാണ് ലക്ഷ്യം. സുതാര്യത ഉറപ്പു വരുത്തി മുന്‍പോട്ടു പോകുവാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഈ ശ്രമത്തില്‍ ജനങ്ങള്‍ കാഴ്ചക്കാരല്ല കാവല്‍ക്കാരാണ്. പിഡബ്ല്യുഡി പ്രവര്‍ത്തനങ്ങള്‍ വളരെ വേഗത്തില്‍ പുരോഗമിക്കുകയാണ്. സമയബന്ധിതമായി പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം. റോഡുകള്‍ മികച്ചവയായി നിലനിര്‍ത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

രണ്ടര വര്‍ഷം കൊണ്ട് കൊക്കാത്തോടിന്റെ വികസനത്തിനു വേണ്ടി 27.68 കോടി രൂപയുടെ പദ്ധതികള്‍ പുരോഗമിക്കുകയാണെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച അഡ്വ. കെ.യു ജനീഷ് കുമാര്‍ എം എല്‍ എ പറഞ്ഞു. കൊക്കത്തോട്ടിലെ സമഗ്ര വികസനത്തിനായി എല്ലാ പ്രവര്‍ത്തനങ്ങളിലും കഴിഞ്ഞ കാലഘട്ടങ്ങളില്‍ ഇടപെടാന്‍ കഴിഞ്ഞിട്ടുണ്ട്. അടിസ്ഥാന സൗകര്യ വികസനം അദ്യം പൂര്‍ത്തിയാക്കും. ശേഷം കൊക്കാത്തോട്ടിലെ ടൂറിസം സാധ്യതകളെ പരമാവധി പ്രയോജനപ്പെടുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും എം എല്‍ എ പറഞ്ഞു.
കല്ലേലി- കൊക്കാത്തോട് റോഡ് സംസ്ഥാന ബജറ്റില്‍ 10 കോടി രൂപ വകയിരുത്തിയാണ് ആധുനിക നിലവാരത്തില്‍ നിര്‍മിക്കുന്നത്. എട്ടു കിലോമീറ്റര്‍ ദൂരമുള്ള  റോഡിന്റെ വശങ്ങളിലൂടെയും പ്രധാന ഭാഗങ്ങളില്‍ കലുങ്കും നിര്‍മിച്ചു കൊണ്ടാണ് ആധുനിക നിലവാരത്തിലേക്ക് ഉയര്‍ത്തുന്നത്.

ആറു പുതിയ കലുങ്കുകളും, രണ്ട് കലുങ്കിന്റെ പുന:നിര്‍മാണവും ,100 മീറ്റര്‍ നീളത്തില്‍ ഓടയും, 1675 മീറ്റര്‍ നീളത്തില്‍ ഐറിഷ് ഓടയും, സംരക്ഷണഭിത്തിയും നിര്‍മിക്കും. അഞ്ചര മീറ്റര്‍ വീതിയിലാണ് ബി എം ബി സി സാങ്കേതിക വിദ്യയില്‍  റോഡ് ടാര്‍ ചെയ്യുന്നത്. പൊതുമരാമത്ത് നിരത്ത് വിഭാഗത്തിന്റെ നിര്‍വഹണ ചുമതലയില്‍ ഇ.കെ.കെ. കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. റോഡിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ കൊക്കാത്തോട് പ്രദേശത്തെ യാത്രാ ദുരിതത്തിനു ശാശ്വതമായ പരിഹാരമാകും.