ഓണത്തോടനുബന്ധിച്ച് എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ ഓണകിറ്റിന്റെ ജില്ലാതല വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ നിര്‍വഹിച്ചു. ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി അധ്യക്ഷയായി. ഇന്ന് (ഓഗസ്റ്റ് 23) മുതല്‍ സെപ്റ്റംബര്‍ ഏഴ് വരെ റേഷന്‍ കടകള്‍ മുഖേന കിറ്റുകള്‍ വിതരണം ചെയ്യും. ജില്ലയില്‍ 49,577 എ.എ.വൈ കാര്‍ഡ് ഉടമകള്‍, 3,33,636 മുന്‍ഗണനാ കാര്‍ഡുകള്‍, 1,72,243 സബ്സിഡി കാര്‍ഡ് ഉടമകള്‍, 2,33,570 പൊതു വിഭാഗക്കാര്‍ ഉള്‍പ്പടെ 7,90,019 കാര്‍ഡ് ഉടമകള്‍ക്കാണ് കിറ്റ് വിതരണം ചെയ്യുക.
സഞ്ചരിക്കുന്ന റേഷന്‍ കടകള്‍ വഴി ആദിവാസി ഊരുകളിലും കിറ്റ് നേരിട്ട് വിതരണം ചെയ്യും. കൂടാതെ അംഗീകൃത ക്ഷേമ സ്ഥാപനങ്ങള്‍ക്കുള്ള കിറ്റ് വിതരണവും ഇതോടൊപ്പം നടക്കും. 500 മില്ലി വെളിച്ചെണ്ണ, 500 ഗ്രാം വീതം ഉണക്കലരി, ചെറുപയര്‍, 250 ഗ്രാം തുവരപരിപ്പ്, 100 ഗ്രാം വീതം മുളക്‌പൊടി, മഞ്ഞള്‍പ്പൊടി, തേയില, ശര്‍ക്കരവരട്ടി /ചിപ്‌സ്, ഒരു കിലോ വീതം പഞ്ചസാര, പൊടിയുപ്പ്, 50 ഗ്രാം വീതം കശുവണ്ടിപ്പരിപ്പ്, നെയ്യ്, 20 ഗ്രാം ഏലയ്ക്ക, എന്നിങ്ങനെ 13 ഇനങ്ങളാണ് കിറ്റിലുള്ളത്. ഒരു തുണിസഞ്ചിയും ലഭിക്കും.
ഓഗസ്റ്റ് 23, 24 തിയതികളില്‍ എ.എ.വൈ. കാര്‍ഡിനും (മഞ്ഞ) 25,26,27 തിയതികളില്‍ മുന്‍ഗണനാ കാര്‍ഡിനും (പിങ്ക്), 29, 30, 31 തീയതികളില്‍ സബ്സിഡി കാര്‍ഡിനും (നീല), സെപ്റ്റംബര്‍ 1, 2, 3 തീയതികളില്‍ പൊതുവിഭാഗം (വെള്ള) കാര്‍ഡിനും സെപ്റ്റംബര്‍ 4,5,6,7 ദിവസങ്ങളില്‍ വാങ്ങാന്‍ കഴിയാത്തവര്‍ക്കും റേഷന്‍ കടകളില്‍ നിന്ന് ഓണ കിറ്റ് വാങ്ങാവുന്നതാണ്. ഓണത്തിന് ശേഷം കിറ്റ് വിതരണം ഉണ്ടായിരിക്കുന്നതല്ല. ഓഗസ്റ്റ് 27, 28 തിയതികളില്‍ ജില്ലാ കേന്ദ്രങ്ങളില്‍ സപ്ലൈക്കോയുടെ നേതൃത്വത്തില്‍ ഓണം ഫെയറും സംഘടിപ്പിക്കും.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. സേതുമാധവന്‍, ജില്ലാ സപ്ലൈ ഓഫീസര്‍ വി.കെ. ശശിധരന്‍, ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മിഷന്‍ പ്രസിഡന്റ് വിനയ് മേനോന്‍, സപ്ലൈക്കോ മേഖല മാനേജര്‍ എം.വി. ശിവകാമി അമ്മാള്‍ എന്നിവര്‍ പങ്കെടുത്തു.