ജില്ലാ പഞ്ചായത്തിന്റെ ‘ഓണത്തിന് ഒരുകൊട്ട പൂവ്’ പദ്ധതിയുടെ ജില്ലാതല വിളവെടുപ്പ് ഉദ്ഘാടനം മുൻ എം പി പി കെ ശ്രീമതി ടീച്ചർ നിർവ്വഹിച്ചു. ഓണക്കാലത്ത് അയൽസംസ്ഥാനത്ത് നിന്നുള്ള പൂക്കളെ ആശ്രയിക്കുന്നതിനു പകരം ജില്ലയിൽ തന്നെ പൂകൃഷി നടത്തി ആവശ്യമായ പൂക്കൾ ഉൽപാദിപ്പിക്കാൻ ജില്ലാ പഞ്ചായത്ത് നടത്തിയ ശ്രമം അഭിനന്ദനാർഹമാണെന്ന് അവർ പറഞ്ഞു. അഴീക്കോട് ചാൽ സ്വദേശി പി സിലേഷിന്റെ പൂപ്പാടത്ത് നടന്ന വിളവെടുപ്പുദ്ഘാടനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷത വഹിച്ചു.
പദ്ധതി  ജില്ലാ പഞ്ചായത്ത് കഴിഞ്ഞ അഞ്ച്  വർഷമായി തുടരുകയാണ്. ഇത്തവണ 1.37 ലക്ഷം ചെണ്ടുമല്ലി തൈകളാണ് വിതരണം ചെയ്തത്. ഒരു ചെടിയിൽ നിന്ന് ശരാശരി ഒന്നര കിലോ പൂക്കൾ ലഭിക്കും. ആകെ 200 ടൺ പൂക്കൾ ലഭിക്കുമെന്നാണ് പ്രതീക്ഷ. പത്ത് ലക്ഷം രൂപ ചെലവിൽ ജില്ലയിലെ  വിവിധ പഞ്ചായത്തുകളിലായി  50 ഹെക്ടർ സ്ഥലത്താണ് പൂകൃഷി ചെയ്തത്.
 ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ, സ്ഥിരം സമിതി അധ്യക്ഷരായ യു പി ശോഭ, ടി സരള, ജില്ലാ പഞ്ചായത്തംഗം എൻ പി ശ്രീധരൻ, അഴീക്കോട് പഞ്ചായത്ത് പ്രസിഡണ്ട് പി പി അജീഷ്, വൈസ് പ്രസിഡണ്ട് എ റീന, വാർഡ് അംഗം കെ ഗിരീഷ് കുമാർ, കൃഷി വകുപ്പ് ഡെപ്യുട്ടി ഡയറക്ടർ എം പി അനുപ് എന്നിവർ പങ്കെടുത്തു.