തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമങ്ങളിൽ വന്ന മാറ്റങ്ങൾ സംബന്ധിച്ച് ജില്ലാ തല രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ചേർന്നു. തെരഞ്ഞെടുപ്പ് പ്രക്രിയ, ആധാർ വോട്ടർ ഐഡി ബന്ധിപ്പിക്കൽ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ രാഷ്ട്രീയപാർട്ടി പ്രതിനിധികളെ ധരിപ്പിക്കുന്നതിന് വേണ്ടിയാണ് യോഗം ചേർന്നത്. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യത ഉറപ്പുവരുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

വോട്ടർപട്ടിക രജിസ്‌ട്രേഷനിൽ വരുത്തിയ മാറ്റങ്ങൾ, ആധാറുമായി വോട്ടർപട്ടിക ബന്ധിപ്പിക്കൽ തുടങ്ങിയ വിഷയങ്ങൾക്ക് യോഗത്തിൽ വിശദീകരണം നൽകി. വിവര ശേഖരണത്തിനായി തയ്യാറാക്കിയ പുതിയ ഗരുഡ ആപ്പ് പരിചയപ്പെടുത്തി.

സംശുദ്ധ വോട്ടർ പട്ടിക പുതുക്കൽ, ഇരട്ടിക്കൽ ഒഴിവാക്കൽ, വോട്ടറുടെ ഐഡന്റിറ്റി ഉറപ്പാക്കൽ, കള്ളവോട്ട് തടയൽ എന്നീ ലക്ഷ്യങ്ങളോടെയാണ് വോട്ടർമാരുടെ ആധാർ വിവരങ്ങൾ വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കുന്നത്. കരട് വോട്ടർ പട്ടിക നവംബർ 9 നും അന്തിമ വോട്ടർ പട്ടിക 2023 ജനുവരി 5നും പ്രസിദ്ധീകരിക്കും. വോട്ടർ പട്ടിക പരിശോധിച്ച് ആക്ഷേപങ്ങളും പരാതികളും പരിഹരിക്കാൻ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സഹകരണവും യോഗം തേടി.

ജില്ലാ കലക്ടർ ഹരിത വി കുമാറിന്റെ അധ്യക്ഷതയിൽ കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ തെരഞ്ഞെടുപ്പു ഡെപ്യൂട്ടി കലക്ടർ എം സി ജ്യോതി, തഹിൽദാർമാർ, ഇലക്ട്രോ രജിസ്ട്രേഷൻ ഓഫീസർമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.