കോട്ടയം: ആഫ്രിക്കൻ ഒച്ച് ഭീഷണി നേരിടുന്നതിനായി ജില്ലാ ഭരണകൂടം ആവിഷ്‌കരിച്ച ‘പാഠം ഒന്ന് – ഒച്ച്’ സമഗ്ര കർമപരിപാടിക്കു തുടക്കം. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കുമരകം കൃഷി വിജ്ഞാനകേന്ദ്രത്തിൽ ജില്ലാ കളക്ടർ ഡോ: പി.കെ. ജയശ്രീ നിർവഹിച്ചു. ആഫ്രിക്കൻ ഒച്ചുകളെ കെണിവച്ചു പിടിക്കുന്ന രീതിയുടെ അവതരണവും ഉദ്ഘാടനത്തോടനുബന്ധിച്ചു നടത്തി.
ഓഗസ്റ്റ് 25 മുതൽ 31 വരെ ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും പദ്ധതി നടപ്പാക്കും. ഏകാരോഗ്യം പദ്ധതിയുടെ ഭാഗമായി തൊഴിലുറപ്പു തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ, ഹരിതകർമസേന, പാടശേഖരസമിതികൾ, കർഷക സംഘങ്ങൾ, എന്നിവയുടെ നേതൃത്വത്തിൽ ഒരാഴ്ച കാലം കൊണ്ട് ഒച്ചുകളെ കെണിയൊരുക്കി നശിപ്പിക്കുകയാണു ലക്ഷ്യമിടുന്നത്.’ആരോഗ്യകേരളം’ ജില്ലാ പ്രോഗ്രാം മാനേജർ അജയ് മോഹൻ അധ്യക്ഷത വഹിച്ചു.