തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ സാൻ്റ മോണിക്ക പാരിഷ് ഹാളില്‍ ആരംഭിച്ച എ.ബി.സി.ഡി പദ്ധതിയില്‍ 16 അക്ഷയ കൗണ്ടറുകളിലൂടെയും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ കൗണ്ടറുകളിലൂടെയും ഇതുവരെ 445 അപേക്ഷകളിന്മേല്‍ തത്സമയം നടപടികളായി. ആധാര്‍ സേവനം 120, റേഷന്‍ കാര്‍ഡ് 60, ജനന സര്‍ട്ടിഫിക്കറ്റ് സേവനങ്ങള്‍ 50,ബാങ്ക് അക്കൗണ്ട് 40, ആരോഗ്യ ഇന്‍ഷുറന്‍സ് അനുബന്ധ സേവനം 25, ഇലക്ഷന്‍ ആധാര്‍ കാര്‍ഡ് ലിങ്കിംഗ് 39, ഡിജിലോക്കര്‍ 93, വില്ലേജ് അനുബന്ധ സര്‍ട്ടിഫിക്കറ്റ് 18 തുടങ്ങി 445 സേവനങ്ങൾ നല്‍കി. ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട്, ഇലക്ഷന്‍ ഐഡി കാര്‍ഡ്, ജനന സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ രേഖകള്‍ ഉടനടി തെറ്റു തിരുത്തി നല്‍കുകയും രേഖകള്‍ ഇല്ലാത്തവര്‍ക്ക് പുതിയ രേഖകള്‍ നൽകുവാനും സാധിച്ചു.

വയനാട് ജില്ലയിലെ പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് അടിസ്ഥാന ആധികാരിക രേഖകള്‍ ഉറപ്പു വരുത്തുന്നതിനും ആയത് ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കുന്നതിനും രേഖകളില്ലാത്തവര്‍ക്ക് ലഭ്യമാക്കുന്നതിനും ആവിഷ്‌ക്കരിച്ചതാണ് അക്ഷയ ബിഗ് ക്യാമ്പയിന്‍ ഫോര്‍ ഡോക്യുമെന്റ് ഡിജിറ്റലൈസേഷന്‍ പദ്ധതി. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ്, പട്ടികവര്‍ഗ വകുപ്പ്, ഐ ടി വകുപ്പ് എന്നിവയുടെ സംയുക്ത അഭിമുഖ്യത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും ബാങ്കുകളുടേയും സഹകരണത്തോടെയാണ് ക്യാമ്പ്. ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ സഹായത്തോടെ മാനന്തവാടി സബ് കളക്ടറുടെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടമാണ് ക്യാമ്പ് ഏകോപനം നിര്‍വഹിക്കുന്നത്.

പൊതുവിതരണം, റവന്യൂ, ആരോഗ്യം, ആരോഗ്യ ഇന്‍ഷുറന്‍സ് തുടങ്ങിയ വകുപ്പുകളുടെ കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്. ക്യാമ്പില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും നൂതനമായ ഡിജി ലോക്കര്‍ സംവിധാനത്തിലേക്ക് രേഖകള്‍ അപ്ലോഡ് ചെയ്തു നല്‍കുന്നുണ്ട്. പട്ടികവര്‍ഗ വകുപ്പിലെ പ്രൊമോട്ടർമാരുടെ നേതൃത്വത്തില്‍ ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്കായി വിവിധ പ്രദേശങ്ങളിലേക്ക് വാഹന സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്.