കൈത്തറി വസ്ത്ര ഡയറക്ടറേറ്റിന്റെയും തിരുവനന്തപുരം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ഹാൻഡ്ലൂം ഡെവലപ്മെന്റ് കമ്മിറ്റിയുടേയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണം കൈത്തറി മേള 2022ന്റെ ഉദ്ഘാടനം ഇന്ന് (ഓഗസ്റ്റ് 25) വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. കിഴക്കേക്കോട്ട ഇ.കെ. നായനാർ പാർക്കിൽ സെപ്റ്റംബർ ഏഴു വരെയാണു മേള.

മേളയിൽ ബാലരാമപുരം കൈത്തറി ഉത്പന്നങ്ങളായ പുളിയിലക്കര മുണ്ടുകൾ, സാരികൾ, ഒർജിനൽ കസവു സാരികൾ, കസവു മുണ്ടുകൾ, ബെഡ് ഷീറ്റുകൾ, വിവിധതരം ടവ്വലുകൾ, ഫർണിഷിംഗ് ക്ലോത്തുകൾ, ഷർട്ടിംഗ്, സ്യൂട്ടിംഗ്, റെഡിമെയ്ഡുകൾ, കൂത്താമ്പുള്ളി സാരികൾ, ഹാന്റെക്‌സ്, ഹാൻവീവ് തുണിത്തരങ്ങളുടെ വൈവിധ്യങ്ങളായ കൈത്തറി വസ്ത്രങ്ങൾ തുടങ്ങിയവ 20 ശതമാനം ഗവൺമെന്റ് റിബേറ്റിൽ ലഭിക്കും.

മേള സന്ദർശിക്കുന്നവർക്ക് പരമ്പരാഗത തറിയും ചർക്കയും നേരിട്ട് കാണുന്നതിനും, ബാലരാമപുരം കൈത്തറികളുടെ ഉത്പാദനപ്രക്രിയയുടെ ഫോട്ടോ ഉൾപ്പെടുത്തി ഒരു തീം പവലിയൻ കാണുന്നതിനുമുള്ള അവസരമുണ്ട്. മേള സന്ദർശിച്ച് സെൽഫിയെടുത്ത് അയയ്ക്കുന്നവരിൽ നിന്നു ദിവസവും നറുക്കെടുപ്പ് തെരഞ്ഞെടുക്കപ്പെടുന്ന ഒരാൾക്ക് 1,000 രൂപയിൽ കുറയാതെ കൈത്തറി വസ്ത്രങ്ങൾ സ്റ്റാളിൽ നിന്നും വാങ്ങിക്കുമ്പോൾ 500 രൂപ (20 ശതമാനം റിബേറ്റ്) നു പുറമെ കിഴിവ് ലഭിക്കും. തിരുവനന്തപുരം ജില്ലയിൽ നിന്നുമുള്ള 17 സംഘങ്ങളും തൃശൂർ ജില്ലയിൽ നിന്നുമുള്ള കൈത്തറി സംഘങ്ങളും, ഹാൻടെക്‌സ്, ഹാൻവീവ് എന്നിവയും പ്രസ്തുത മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.