ജില്ലയിൽ എലിപ്പനി രോഗ വ്യാപന സാധ്യത നിലനിൽക്കുന്നതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു. കെട്ടിനിൽക്കുന്ന വെള്ളത്തിൽ എലിപ്പനി രോഗാണുക്കൾ ഉണ്ടാകാനുള്ള സാധ്യത മുൻനിർത്തി വയലിൽ പണിയെടുക്കുന്നവരും ഓട, തോട്, കനാൽ, കുളങ്ങൾ, വെള്ളക്കെട്ടുകൾ എന്നിവ വൃത്തിയാക്കുന്നവരും ജോലി ചെയ്യുമ്പോൾ കയ്യുറകളും കാലുറകളും ധരിക്കണം. മണ്ണുമായി സമ്പർക്കത്തിൽ വരുന്നവരിലും രോഗസാധ്യത നിലനിൽക്കുന്നു. ഇത്തരം ജോലി ചെയ്യുന്നവർ എലിപ്പനിക്കെതിരെയുള്ള പ്രതിരോധമരുന്ന് നിർബന്ധമായും കഴിക്കണം. പ്രതിരോധമരുന്നായ ഡോക്സിസൈക്ലിൻ ഗുളിക എല്ലാ സർക്കാർ ആശുപത്രികളിലും സൗജന്യമായി ലഭിക്കും. മുറിവുകൾ ഉണ്ടെങ്കിൽ ഉണങ്ങുന്നതുവരെ കെട്ടിനിൽക്കുന്ന വെള്ളത്തിൽ ഇറങ്ങരുത്. കെട്ടിനിൽക്കുന്ന വെള്ളത്തിൽ കുട്ടികൾ വിനോദത്തിനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും ഡി എം ഒ അറിയിച്ചു.