ആധാർ നമ്പർ വോട്ടർ ഐഡി കാർഡുമായി ബന്ധിപ്പിക്കാനുള്ള ഹെൽപ് ഡെസ്‌കുകൾ കലക്ടറേറ്റിലും താലൂക്ക് ഓഫീസുകളിലും പ്രവർത്തനം തുടങ്ങി. വോട്ടറുടെ ഐഡൻറിറ്റി ഉറപ്പാക്കുക, ഇരട്ടിപ്പ് ഒഴിവാക്കുക, വോട്ടർപട്ടികയുടെ ശുദ്ധീകരണം എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ആധാർ ബന്ധിപ്പിക്കാൻ നിലവിലുള്ള വോട്ടർമാർക്ക് ഫോറം 6ബി, പുതുതായി വോട്ടർപട്ടികയിൽ പേര് ചേർക്കുന്നവർക്ക് ഫോറം 6 എന്നിവയാണ് ആവശ്യം. മതിയായ കാരണങ്ങളാൽ ആധാർ നമ്പർ നൽകാൻ കഴിയാത്തവരെ വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കില്ല.
ആധാർ വിവരങ്ങൾ യുഐഡിഎഐയുടെ സുരക്ഷാ മാനദണ്ഡങ്ങൾ പ്രകാരം ആധാർ വോൾട്ടിലാണ് സൂക്ഷിക്കുന്നത്. ഓൺലൈനിലല്ലാതെ ലഭിക്കുന്ന 6ബി ഫോമുകൾ അതത് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാരുടെ ഡബിൾ ലോക്ക് സംവിധാനത്തിൽ സുരക്ഷിതമായിരിക്കും. 2016ലെ ആധാർ നിയമം സെക്ഷൻ 37 അനുസരിച്ച് ആധാർ വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കും. www.nvsp.in എന്ന വെബ്‌സൈറ്റിലൂടെയോ വോട്ടർ ഹെൽപ്‌ലൈൻ ആപ്പ് വഴിയോ ആധാർ ഇലക്ഷൻ ഐഡി കാർഡുമായി ബന്ധിപ്പിക്കാം. 6 ബി ഫോം ഇതുവഴി സമർപ്പിച്ചാണിത് സാധ്യമാവുക.
ആധാർ വോട്ടർ ഐഡി കാർഡുമായി ബന്ധിപ്പിക്കാനായി കലക്ടറേറ്റിൽ ആരംഭിച്ച ഹെൽപ്പ് ഡെസ്‌ക് ജില്ലാ കലക്ടർ എസ്. ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു. എഡിഎം കെ കെ ദിവാകരൻ, ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ ലിറ്റി ജോസഫ് തുടങ്ങിയവർ സംബന്ധിച്ചു.
ഇതുസംബന്ധിച്ച് കലക്ടറേറ്റിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും സ്വീപ് പ്രതിനിധികളുടെയും യോഗവും ചേർന്നു. ആധാർ വോട്ടർ ഐഡി കാർഡുമായി ബന്ധിപ്പിക്കുന്നതിന് രാഷ്ട്രീയ പാർട്ടികളുടെ സഹകരണം ആവശ്യമാണെന്ന് കലക്ടർ പറഞ്ഞു.
ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ ലിറ്റി ജോസഫ്, രാഷ്ട്രീയ പാർട്ടി നേതാക്കളായ അഡ്വ. അബ്ദുൽ കരീം ചേലേരി (ഐയുഎംഎൽ), സുഭാഷ് അയ്യോത്ത് (ജെഡിഎസ്), എം ഉണ്ണികൃഷ്ണൻ (കോൺഗ്രസ് എസ്), ജോൺസൺ പി തോമസ് (ആർഎസ്പി), ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ കെ പത്മനാഭൻ, ജില്ലാ യൂത്ത് ഓഫീസർ കെ രമ്യ, ഇലക്ഷൻ ലിറ്ററസി ക്ലബ് കോ ഓർഡിനേറ്റർ (എച്ച്എസ്എസ്) പി ശ്രീധരൻ, കണ്ണൂർ സർവകലാശാല എൻഎസ്എസ് കോ ഓർഡിനേറ്റർ ഡോ. നഫീസ ബേബി, ആകാശവാണി പ്രോഗ്രാം എക്‌സിക്യുട്ടീവ് വിനോദ് ബാബു, ബിജു കെ മാത്യു (സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ), ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ടർ എം എ രാജീവ്കുമാർ തുടങ്ങിയവർ സംബന്ധിച്ചു.