കോഴിക്കോട് ജില്ലയിൽ അതിവിപുലമായ ഓണാഘോഷം

കോഴിക്കോട് ജില്ലയിൽ ഓണാഘോഷ പരിപാടികൾ വിപുലമായി നടത്തുന്നു. തലസ്ഥാനനഗരത്തിന് സമാനമായി മലബാർ മേഖലയിലും ഓണാഘോഷം സംഘടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മുൻവർഷങ്ങളിൽ നിന്നും വ്യത്യസ്തമായാണ് ഓണാഘോഷ പരിപാടികൾക്കായി നഗരമൊരുങ്ങുന്നത്.

സെപ്തംബർ രണ്ടു മുതൽ 11 വരെ വ്യത്യസ്തമായ പരിപാടികളാൽ നഗരം ഓണാഘോഷങ്ങളിൽ മുഴുകും.
രണ്ടാം തീയതി ദീപാലങ്കാരത്തോടെയാകും ജില്ല ഓണാഘോഷങ്ങളിലേക്ക് പ്രവേശിക്കുന്നത്.

ദേശീയ അന്തർദേശീയ തലങ്ങളിൽ പ്രശസ്തിനേടിയ കലാകാരന്മാരെ ഉൾപ്പെടുത്തിയുള്ള സംഗീതനിശ,കോമഡി ഷോ,സിനിമാ താരങ്ങൾ ഉൾപ്പെടെ പങ്കെടുക്കുന്ന പരിപാടികൾ,സ്കിറ്റ്, നാടകങ്ങൾ,സാഹിത്യ രംഗത്തെ പ്രമുഖരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള സാഹിത്യോത്സവം ജില്ലയിലെ പ്രാദേശിക കലാകാരന്മാരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള നാടൻകലകളും നാടൻപാട്ടുകളുമെല്ലാം
ഓണാഘോഷങ്ങളുടെ ഭാഗമാകും.

കൂട്ടയോട്ടം, കളരിപ്പയറ്റ്, കരാട്ടെ, പഴയതും പുതിയതുമായ അമ്പെയ്ത്തുകൾ കമ്പവലി, തുടങ്ങിയ കലാ കായിക ഇനങ്ങളാൽ നഗരം ഓണത്തെ വരവേൽക്കും.

പരിപാടികൾ തുടങ്ങുന്നതിന് ദിവസങ്ങൾക്കു മുമ്പ് തന്നെ ബീച്ചിലെ ഓപ്പൺ സ്റ്റേജിന് പുറകിലുള്ള ചെറിയ വേദിയിൽ കലാകാരന്മാരുടെ കൂട്ടായ്മകൾ അവതരിപ്പിക്കുന്ന വിവിധ പരിപാടികളും അരങ്ങേറും.
രാഷ്ട്രീയ- സാമൂഹിക -സാംസ്കാരിക- കലാ രംഗത്തെ പ്രമുഖർ പങ്കെടുക്കും.

പഴുതടച്ച സുരക്ഷാക്രമീകരണങ്ങൾ ഓണാഘോഷത്തിന്റെ ഭാഗമായി നഗരത്തിൽ ഏർപ്പെടുത്തും.
ഇതിനായി , പോലീസ്, ഫയർഫോഴ്‌സ് സംവിധാനങ്ങൾ ഉറപ്പാക്കും.സെപ്റ്റംബർ 11നാണ് ഓണാഘോഷ പരിപാടികൾക്ക് സമാപനമാവുന്നത്.

ജില്ലാ ഭരണകൂടത്തിന്റെയും വിനോദസഞ്ചാരവകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്. പരിപാടികളുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടർ ഡോ.എൻ തേജ് ലോഹിത് റെഡ്ഡിയുടെ നേതൃത്വത്തിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ തല അവലോകന യോഗം നടന്നു.

ഡെപ്യൂട്ടി മേയർ സി.പി മുസാഫർ അഹമ്മദ്,‌സബ് കലക്ടർ വി ചെത്സാസിനി, ടൂറിസം ജോയിന്റ് ഡയറക്ടർ ടി സി അഭിലാഷ്, ജനപ്രതിനിധികൾ, വ്യാപാര വ്യാപാര വ്യവസായ ഏകോപന സമിതി പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സംഘടന പ്രതിനിധികൾ, വിവിധ വകുപ്പിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.