4000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ വസ്ത്ര ശേഖരം

30 ശതമാനം റിബേറ്റില്‍ വസ്ത്രങ്ങള്‍ ലഭ്യം

കലൂര്‍ ഖാദി ടവര്‍ ഷോ റൂമില്‍ ഓഗസ്റ്റ് രണ്ട് മുതല്‍ ആരംഭിച്ച ഓണം ഖാദി മേള-2022 ല്‍ ഇതുവരെ ഒന്നര കോടി രൂപയുടെ വിറ്റുവരവ്. കഴിഞ്ഞ വര്‍ഷങ്ങളുടെ വില്‍പ്പന കണക്കാക്കിയാല്‍ ഇത് ഇരട്ടിയാണ്. കേരളത്തിന്റെ തനതായ വസ്ത്ര ശേഖരത്തിനൊപ്പം മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളും ഇവിടെ ലഭ്യമാണ്. ഓണത്തോടനുബന്ധിച്ച് സെപ്റ്റംബര്‍ 7 വരെ എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും 30 ശതമാനം റിബേറ്റ് ലഭിക്കും. കേരള ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡിന്റെ ഡയറക്ട് മാര്‍ക്കറ്റിംഗിന്റെ നിയന്ത്രണത്തിലാണ് ഖാദി ഗ്രാമ സൗഭാഗ്യ പ്രവര്‍ത്തിക്കുന്നത്.

സില്‍ക്ക് സാരികള്‍ക്കാണ് ആവശ്യക്കാര്‍ കൂടുതല്‍. കോപ്പര്‍ ഡിസൈനില്‍ കേരളത്തില്‍ ഇവിടെ മാത്രം ലഭിക്കുന്ന ടി.എന്‍.ആര്‍ എന്നറിയപ്പെടുന്ന പുതിയ സില്‍ക്ക് സാരിക്ക് വന്‍ സ്വീകാര്യതയാണു ലഭിക്കുന്നത്. 12,000 രൂപ മുതലാണ് സാരിക്ക് വില.

പാലക്കാട് ജില്ലയുടെ ശ്രീകൃഷ്ണപുരം പട്ടു സാരികളാണ് വില്‍പനയില്‍ രണ്ടാമത്. പ്രിന്റഡ് സാരി, ഡ്യൂപിയോണ്‍ സില്‍ക്ക്, ടസര്‍ സില്‍ക് മുതലായ അനേകം വിഭാഗങ്ങളിലായാണ് സാരി ശേഖരം ഒരുക്കിയിരിക്കുന്നത്. 3000 മുതല്‍ 15000 രൂപ വില വരുന്ന സാരികളാണുള്ളത്. റിബേറ്റ് നിരക്ക് കഴിഞ്ഞ് കൈയിലൊതുങ്ങുന്ന വിലയില്‍ ഇഷ്ടമുള്ള വസ്ത്രം ഓണക്കാലത്ത് സ്വന്തമാക്കാന്‍ ഖാദി ഗ്രാമ സൗഭാഗ്യയിലൂടെ സാധിക്കും.

പുരുഷന്‍മാര്‍ക്കായി സില്‍ക്കിലും കോട്ടനിലുമായി വിവിധ ഡിസൈനിലുള്ള 5000 ല്‍ പരം ഷര്‍ട്ടുകള്‍ ലഭിക്കും. മുണ്ടുകള്‍, പുതപ്പ്, ബെഡ് ഷീറ്റ്, കരകൗശല വസ്തുക്കള്‍, സെറ്റ് മുണ്ട്, റെഡിമെയ്ഡ് വസ്ത്രങ്ങള്‍, റണ്ണിംഗ് മെറ്റീരിയല്‍ തുടങ്ങി വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളുമുണ്ട്. ഉപയോക്താക്കള്‍ക്കായി സ്വര്‍ണ സമ്മാന പദ്ധതിയും ഒരുക്കിയിട്ടുണ്ട്. ഓണത്തിരക്കിലാണെങ്കിലും വരും ദിനങ്ങളില്‍ വില്‍പനയില്‍ വന്‍ വര്‍ധനയാണ് പ്രതീക്ഷിക്കുന്നതെന്ന് ഖാദി ഗ്രാമ സൗഭാഗ്യയുടെ മാനേജര്‍ ലതീഷ് കുമാര്‍ പറഞ്ഞു.