ജില്ലയിലെ റോഡുകളില്‍ കുഴികള്‍ രൂപപ്പെട്ട് അപകട സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കുഴികള്‍ അടിയന്തരമായി നികത്തി ഗതാഗത യോഗ്യമാക്കാന്‍ ജില്ലാ കളക്ടര്‍ എ. ഗീതയുടെ നിര്‍ദ്ദേശം. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയത്.

റോഡുകളുടെ നിലവിലുള്ള അവസ്ഥയും അത് പരിഹരിക്കാന്‍ സ്വീകരിച്ച നടപടികളും നിശ്ചിത പ്രൊഫോര്‍മയില്‍ സെപ്റ്റംബര്‍ 3 ന് വൈകീട്ട് 3 നകം ലഭ്യമാക്കാന്‍ കേരള റോഡ് ഫണ്ട് ബോര്‍ഡ് (കെ.ആര്‍.എഫ്.ബി), പൊതുമരാമത്ത് (ദേശീയപാത വിഭാഗം), പൊതുമരാമത്ത് (റോഡുകളും പാലങ്ങളും വിഭാഗം) ഡിവിഷനുകളുടെ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. കുഴികള്‍ രൂപപ്പെട്ടതും അടിയന്തര അറ്റകുറ്റപണി ആവശ്യമുള്ളതുമായ റോഡുകളുടെ വിവരങ്ങള്‍, കരാര്‍ നല്‍കിയിട്ടുണ്ടെങ്കില്‍ കരാറുകാരന്റെ പേരും വിലാസവും, ഇല്ലെങ്കില്‍ റോഡ് ഗതാഗതയോഗ്യമാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്നിവ റിപ്പോര്‍ട്ട് ചെയ്യണം. നിര്‍ദേശങ്ങള്‍ പാലിക്കാതിരിക്കുകയോ ഗതാഗത യോഗ്യമാക്കുന്നതിലെ കാലാതാമസം മൂലം റോഡില്‍ അപകടം സംഭവിക്കുകയോ ചെയ്താല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും കരാറുകാര്‍ക്കുമെതിരെ ദേശീയ ദുരന്ത നിവാരണ നിയമപ്രകാരം നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.