ആമ്പല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ അജൈവ മാലിന്യ സംസ്‌കരണത്തിന് കൂടുതല്‍ കരുത്തേകാന്‍ ഹരിത മിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മാനേജ്‌മെന്റ് സിസ്റ്റം പദ്ധതിക്ക് തുടക്കമാകുന്നു. ഇതിന്റെ ഭാഗമായി 5000 ക്യു ആര്‍ കോഡുകള്‍ പഞ്ചായത്തില്‍ തയ്യാറായി. ഓണത്തിനുശേഷം പഞ്ചായത്തില്‍ പൈലറ്റ് അടിസ്ഥാനത്തില്‍ പദ്ധതി നടപ്പിലാക്കും.

ശുചിത്വ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പഞ്ചായത്തിലെ അജൈവ മാലിന്യ സംസ്‌കരണം ഒരു മൊബൈല്‍ ആപ്ലിക്കേഷന്റെ സഹായത്തോടെ കൂടുതല്‍ സുതാര്യമാകുകയാണ്. പഞ്ചായത്തില്‍ പദ്ധതി വിജയകരമായി നടപ്പിലാക്കുന്നതിനു ഹരിത കര്‍മ്മ സേന അംഗങ്ങള്‍ക്കുള്ള രണ്ടാംഘട്ട പരിശീലനം പൂര്‍ത്തിയായി. ്. ഹരിതമിത്രം മൊബൈല്‍ ആപ്ലിക്കേഷന്‍ എങ്ങനെ ഉപയോഗിക്കാം, ക്യു ആര്‍ കോഡ് എങ്ങനെ സ്‌കാന്‍ ചെയ്യാം, ആപ്ലിക്കേഷന്‍ വഴി എന്തൊക്കെ സേവനങ്ങള്‍ ലഭിക്കും തുടങ്ങിയ വിഷയങ്ങളിലാണ് പരിശീലനം നല്‍കിയത്.

കെല്‍ട്രോണിന്റെ സഹായത്തോടെയാണ് 65,000 രൂപ ചെലവില്‍ 5000 ക്യു ആര്‍ കോഡുകള്‍ തയ്യാറായത്. തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന മാലിന്യസംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമിലൂടെ നിരീക്ഷിക്കുന്നതിനുള്ള മൊബൈല്‍ ആപ്ലിക്കേഷനാണ് ഹരിത മിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മാനേജ്‌മെന്റ് സിസ്റ്റം. പഞ്ചായത്തിനു കീഴിലെ വീടുകള്‍, വ്യാപാരസ്ഥാപനങ്ങള്‍, പൊതുസ്ഥലങ്ങള്‍ തുടങ്ങിയ മാലിന്യം രൂപപ്പെടുന്ന സ്ഥലങ്ങളുടെയും നിലവിലെ മാലിന്യ സംസ്‌കരണ സംവിധാനങ്ങളുടെയും വിവരങ്ങള്‍ മൊബൈല്‍ ആപ്ലിക്കേഷനുമായി ബന്ധിപ്പിക്കും. ഇതിലൂടെ ഹരിത കര്‍മ്മ സേനയുടെ യൂസര്‍ഫീ ശേഖരണം, കലണ്ടര്‍ പ്രകാരമുള്ള പാഴ്‌വസ്തു ശേഖരണം തുടങ്ങിയ വിവരങ്ങളും അറിയാം. മാത്രമല്ല ഗുണഭോക്താക്കള്‍ക്കു സേവനം ആവശ്യപ്പെടുന്നതിനും പരാതികള്‍ അറിയിക്കുന്നതിനും ഫീസുകള്‍ അടയ്ക്കുന്നതിനും ഇതിലൂടെ സാധ്യമാകും.