തിരുവനന്തപുരം: മഴ കുറഞ്ഞതോടെ ജില്ലയിലെ ഡാമുകളിൽ ജലനിരപ്പ് കുറയുന്നു. പേപ്പാറ ഡാമിന്റെ ഒരു ഷട്ടർ അടച്ചു. മഴ മാറിനിന്നതോടെ ഡാമുകളിലേക്കുള്ള നീരൊഴുക്കു കുറഞ്ഞതാണു ജലനിരപ്പ് താഴാൻ സഹായകമായത്.
ഇന്നു രാവിലെ ഒമ്പതിന് 107.46 മീറ്ററാണു പേപ്പാറയിലെ ജലനിരപ്പ്. ഇതോടെ ഡാമിന്റെ ഒരു ഷട്ടർ അടച്ചു. രണ്ടു ഷട്ടറുകൾ ഇപ്പോഴും തുറന്നിട്ടുണ്ട്.
നെയ്യാർ ഡാമിലും ജലനിരപ്പ് താഴ്ന്നുതുടങ്ങി. 83.7 ആണ് രാവിലെ ഏഴു മണിക്കുള്ള ജലനിരപ്പ്. ജലനിരപ്പ് താഴ്ന്നതിനെത്തുടർന്ന് ഡാമിന്റെ ഷട്ടറുകൾ ഉയർത്തിയിരുന്നത് 60 സെന്റീമീറ്ററിൽനിന്നു 30 ആയി ചുരുക്കി. നാലു ഷട്ടറുകളാണ് ആകെ തുറന്നിട്ടുള്ളത്.
അരുവിക്കരയിൽ 46.40 ആണ് ഇപ്പോഴത്തെ ജലനിരപ്പ്. ഡാമിന്റെ മൂന്നു ഷട്ടറുകളാണു തുറന്നിട്ടുള്ളത്. ജലനിരപ്പ് കുറഞ്ഞതിനെത്തുടർന്ന് ഒര ഷട്ടർ 30 സെന്റീമീറ്റർ താഴ്ത്തിയിരുന്നു.