പാലക്കാട് ജില്ല ബാങ്കിംഗ് മേഖലയില്‍  “സമ്പൂര്‍ണ്ണ ഡിജിറ്റല്‍ ” പദവി കൈവരിച്ചതിന്റെ ഔദ്യോഗിക പ്രഖ്യാപനം വി.കെ. ശ്രീകണ്ഠന്‍ എം.പി നിര്‍വഹിച്ചു. റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള ജില്ലയിലെ 32 വാണിജ്യ-ഗ്രാമീണ ബാങ്കുകളിലെ യോഗ്യമായ 35 ലക്ഷത്തോളം സേവിങ്സ്, കറന്റ് അക്കൗണ്ടുകള്‍ക്ക് ഒരു ഡിജിറ്റല്‍ മാധ്യമം കൂടെ ഏര്‍പ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ജില്ലയെ സമ്പൂര്‍ണ ഡിജിറ്റല്‍ പാലക്കാട് ആയി പ്രഖ്യാപിച്ചത്. ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടത്തിയ 90 ദിവസത്തെ ബോധവത്കരണ പരിപാടിയിലൂടെ ജനപ്രതിനിധികള്‍, ജില്ലാ ഭരണകൂടം, സര്‍ക്കാര്‍ ഏജന്‍സികള്‍, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണ് ജില്ലയിലെ ബാങ്കിങ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും ഡിജിറ്റലാക്കിയത്.

ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കിങ്, മൊബൈല്‍ ബാങ്കിങ്, യു.പി.ഐ, ആധാര്‍ അധിഷ്ഠിത പണമിടപാട് സേവനം തുടങ്ങി ഏതെങ്കിലും ഒരു ഡിജിറ്റല്‍ പണമിടപാട് സംവിധാനമെങ്കിലും ഇടപാടുകാരെ ഉപയോഗപ്പെടുത്താന്‍ പ്രാപ്തരാക്കുകയാണ് ഡിജിറ്റല്‍ ബാങ്കിങ്. റിസര്‍വ് ബാങ്ക്-ജില്ലാതല ബാങ്കേഴ്സ് സമിതി എന്നിവയുടെ മേല്‍നോട്ടത്തില്‍ ജില്ലാ ഭരണകൂടത്തിന്റെ സഹായത്തോടെയാണ് ഡിജിറ്റല്‍ ബാങ്കിങ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ജില്ലയിലെ ബാങ്ക് ഉപഭോക്താക്കള്‍ക്ക് എ.ടി.എം, മൊബൈല്‍ ബാങ്കിങ്, ഇന്റര്‍നെറ്റ് ബാങ്കിങ്, ക്യുആര്‍.കോഡ് തുടങ്ങിയ സേവനങ്ങള്‍ ഡിജിറ്റല്‍ ബാങ്കിങ്ങിലൂടെ ഉറപ്പാക്കുന്നു.

 

കറന്‍സി ഉപയോഗം കുറച്ച് ഡിജിറ്റല്‍ ബാങ്കിങ് സേവനങ്ങളിലൂടെ ബാങ്കുകളിലെ നിക്ഷേപം വര്‍ദ്ധിപ്പിച്ച് കാര്‍ഷിക-തൊഴില്‍-ക്ഷേമ മേഖലകളില്‍ തുക വിനിയോഗിക്കാന്‍ കഴിയണമെന്ന് എം.പി യോഗത്തിൽപറഞ്ഞു. ബാങ്കിങ് സംവിധാനം സാധാരണക്കാര്‍ക്ക് കൈത്താങ്ങായി പ്രവര്‍ത്തിക്കണം. ബാങ്കിങ് മേഖല സൗഹൃദപരവും സുരക്ഷിതവുമായി വളരട്ടെയെന്നും അട്ടപ്പാടി മേഖലയില്‍ ഡിജിറ്റല്‍ പാലക്കാടിന്റെ പ്രചാരണാര്‍ത്ഥം ഇരുള ഭാഷയില്‍ വീഡിയോ തയ്യാറാക്കിയത് അഭിനന്ദനാര്‍ഹമാണെന്നും എം.പി പറഞ്ഞു. ഡിജിറ്റല്‍ യുഗത്തില്‍ സൈബര്‍ ക്രൈം, തട്ടിപ്പ് എന്നിവ കൂടുതലാണെന്നും ഇത് ഒഴിവാക്കാന്‍ ബാങ്കും പോലീസും സംയുക്തമായി പ്രവര്‍ത്തിക്കണമെന്നും പാലക്കാട് ഫോര്‍ എന്‍ സ്‌ക്വയര്‍ റസിഡന്‍സിയില്‍ നടന്ന പരിപാടിയില്‍ അധ്യക്ഷയായി ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി പറഞ്ഞു.

ഡിജിറ്റല്‍ ബാങ്കിങ് ബോധവത്ക്കരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയ സാമ്പത്തിക സാക്ഷരത കൗണ്‍സിലര്‍മാര്‍, വിവിധ സര്‍ക്കാര്‍ വകുപ്പ് ഉദ്യോഗസ്ഥര്‍, ബാങ്ക് ജീവനക്കാര്‍, വിവിധ മത്സരങ്ങളില്‍ വിജയികളായ വിദ്യാര്‍ത്ഥികള്‍ എന്നിവരെ പരിപാടിയില്‍ ആദരിച്ചു.

പാലക്കാട് നഗരസഭാ ചെയര്‍പേഴ്സണ്‍ പ്രിയാ അജയന്‍, തിരുവനന്തപുരം ആര്‍.ബി.ഐ. റീജിയണല്‍ ഡയറക്ടര്‍ തോമസ് മാത്യു, തിരുവനന്തപുരം ആര്‍.ബി.ഐ ജനറല്‍ മാനേജര്‍ ഡോ. സെഡ്രിക് ലോറന്‍സ്, സംസ്ഥാനതല ബാങ്കേഴ്സ് സമിതി കണ്‍വീനറും കനറാ ബാങ്ക് ജനറല്‍ മാനേജരുമായ എസ്. പ്രേംകുമാര്‍, തിരുവനന്തപുരം ആര്‍.ബി.ഐ ഡെപ്യുട്ടി ജനറല്‍ മാനേജര്‍ ഗൗതമന്‍, തൃശൂര്‍ എസ്.ബി.ഐ. ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ വി. രമേശ്, പദ്ധതിയുടെ നോഡല്‍ ഓഫീസറും കനറാ ബാങ്ക് റീജണല്‍ മേധാവിയുമായ ഗോവിന്ദ് ഹരിനാരായണന്‍, ആര്‍.ബി.ഐ ലീഡ് ജില്ലാ ഓഫീസര്‍ ഇ.കെ രഞ്ജിത്ത്, നബാര്‍ഡ് ഡി.ഡി.എം കവിത, ജില്ലാ ലീഡ് ബാങ്ക് ഡിവിഷണല്‍ മാനേജര്‍ ആര്‍.പി. ശ്രീനാഥ്, ലീഡ് ബാങ്ക് ഓഫീസര്‍ സന്തോഷ്, ജില്ലയിലെ വിവിധ ബാങ്ക് മേധാവികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.