കാർഷിക വിളകളെ നശിപ്പിക്കുന്ന ആഫ്രിക്കൻ ഒച്ചുകളുടെ വ്യാപനം നിയന്ത്രിക്കുന്നതിന് ജില്ലാ ഭരണകൂടം ഏകാരോഗ്യം പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന ‘പാഠം ഒന്ന് ഒച്ച്’  ജനകീയ ക്യാമ്പയിനും  പരിശീലന പരിപാടിയും കാഞ്ഞിരപ്പള്ളിയില്‍ ആരംഭിച്ചു. ബ്ലോക്ക്തല ഉദ്ഘാടനം അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ നിർവഹിച്ചു.

ആഫ്രിക്കൻ ഒച്ചിന്റെ വിവിധ നിയന്ത്രണ മാർഗങ്ങളെ കുറിച്ച് ഹെൽത്ത് സൂപ്പർവൈസർ വിജയൻ,കൃഷി ഓഫീസർ സിമി ഇബ്രാഹിം തുടങ്ങിയവർ ക്ലാസുകൾ നയിച്ചു. അസിസ്റ്റന്റ് സെക്രട്ടറിമാർ,കൃഷി ഓഫീസർമാർ,ഹെൽത്ത് ഇൻസ്‌പെക്ടർമാർ,വി ഇ ഒ മാർ , തൊഴിലുറപ്പ് – കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പരിശീലന പരിപാടിയിൽ പങ്കെടുത്തു. എല്ലാ ഗ്രാമ പഞ്ചായത്തുകളിലും വാർഡ് തലത്തിലും ഒരുമിക്കാം ഒച്ചിനെതിരെ ക്യാമ്പയിനും പരിശീലനവും സംഘടിപ്പിക്കാൻ ബ്ലോക്ക് തല യോഗത്തിൽ തീരുമാനിച്ചു.

ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് അജിത രതീഷ് അധ്യക്ഷയായി. വൈസ് പ്രസിഡന്റ്‌ ജോളി മടുക്കക്കുഴി,ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ടി എസ് കൃഷ്ണകുമാർ,ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി കെ പ്രദീപ്,ജയശ്രീ ഗോപിദാസ്,ബി ഡി ഒ ഫൈസൽ എസ്,ജോയിന്റ് ബി ഡി ഒ ടി ഇ സിയാദ് തുടങ്ങിയവർ സംസാരിച്ചു.