കട്ടപ്പന കൃഷി ഭവനും നഗരസഭയും ചേര്‍ന്ന് നടത്തിയ അത്യുല്‍പാദന ശേഷിയുള്ള തെങ്ങിന്‍ തൈകളുടെയും കുരുമുളക് ചെടികളുടെയും വിതരണോദ്ഘാടനം ടൗണ്‍ ഹാളില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ ഷൈനി സണ്ണി ചെറിയാന്‍ നിര്‍വഹിച്ചു. സമയബന്ധിതമായി നടീല്‍ വസ്തുക്കള്‍ വിതരണം ചെയ്തതിന് കൃഷിഭവനെ നഗരസഭ ചെയര്പേഴ്സണ്‍ പ്രത്യേകം അഭിനന്ദിച്ചു.

കേര സമൃദ്ധി പദ്ധതി പ്രകാരം വെസ്റ്റ്കോസ്റ്റ് ടോള്‍ (ഡബ്ല്യു.സി.ടി) ഇനത്തില്‍പെട്ട അത്യുല്‍പാദന ശേഷിയുള്ള 1000 തെങ്ങിന്‍ തൈകളും കുരുമുളക് കൃഷി വികസന പദ്ധതി പ്രകാരം കരുമുണ്ട ഇനത്തില്‍പ്പെട്ട 4000 തൈകളുമാണ് വിതരണത്തിനെത്തിച്ചത്. തൈ ഒന്നിന് 100 രൂപ ചെലവ് വരുന്ന തെങ്ങിന്‍ തൈകള്‍ 50 രൂപ ഗുണഭോക്തൃ വിഹിതം കൈപറ്റിയും, കുരുമുളക് തൈകള്‍ സൗജന്യമായുമാണ് വിതരണം ചെയ്തത്. വൈസ് ചെയര്‍മാന്‍ ജോയി ആനിത്തോട്ടം അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് കൃഷി ഓഫിസര്‍ സുരേഷ് കുമാര്‍ സ്വാഗതം ആശംസിച്ചു. കട്ടപ്പന കൃഷി ഓഫിസര്‍ അനുരൂപ് എം. ജെ. യുടെ അകാലവിയോഗത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി.
ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ഏലിയാമ്മ സാലി, കൗണ്‍സിലര്‍ ജൂലി റോയി, കാര്‍ഷിക വികസന സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.