പണമില്ലാത്തതുകൊണ്ടു ചികിത്സിക്കാൻ കഴിയാത്ത ദുരവസ്ഥ കേരളത്തിൽ ആർക്കും ഉണ്ടാകരുതെന്നാണ് സർക്കാർ നിലപാടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ വിഭാഗം ജനങ്ങൾക്കും മികവുറ്റ ആരോഗ്യ സേവനങ്ങൾ പ്രാപ്യമാകുന്ന സംസ്ഥാനമാക്കി കേരളത്തെ മാറ്റിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാനത്തും രാജ്യത്തും രാജ്യത്തിനു പുറത്തുനിന്നുമുള്ള രോഗികളെ പരിചരിക്കാൻ കഴിയുന്ന വിധത്തിൽ കേരളത്തെ ചികിത്സയുടെ അത്യുന്നത കേന്ദ്രമാക്കി മാറ്റാനാണു സർക്കാർ ശ്രമിക്കുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളജുകൾ വരെ ലോകോത്തര നിലവാരത്തിലേക്ക് ഉയത്താൻ ഉതകുന്ന ഇടപെടലാണു സർക്കാർ നടത്തുന്നത്. രോഗാതുരത കുറയ്ക്കുന്നതിനു പ്രാധാന്യം നൽകുന്നതിനൊപ്പം അത്യാധുനിക ചികിത്സാ സൗകര്യങ്ങളുടെ ലഭ്യതയും ഉറപ്പാക്കും. പൊതുജനാരോഗ്യ സംവിധാനങ്ങൾ സൗജന്യമായി ലഭ്യമാക്കുമ്പോൾത്തന്നെ ഇൻഷ്വറൻസ് സൗകര്യങ്ങളുൾപ്പെടെ നൽകി ആരോഗ്യ പരിരക്ഷയും ഉറപ്പാക്കുന്നുണ്ട്. കാരുണ്യയും മെഡിസെപ്പും ഇതിന് ഉതകുന്ന മുൻകൈകളാണ്.
വരുന്ന 25 വർഷത്തേക്കുള്ള കേരളത്തിന്റെ ആവശ്യങ്ങൾ കണ്ടുകൊണ്ട് വിവിധ മേഖലകളിൽ സർക്കാർ ഇടപെടലുകൾ നടത്തുകയാണ്. ആരോഗ്യ മേഖലയിലും ഇതിന്റെ ഭാഗമായി പ്രത്യേക ഇടപെടലുകൾ നടത്തും. ഇതിനായി ഇപ്പോൾ നിലവിലുള്ളതിനു പുറമേ കൂടുതൽ വൻകിട ആശുപത്രികൾ പൊതു, സ്വകാര്യ മേഖലയിൽ ഒരുക്കേണ്ടതുണ്ട്. ആരോഗ്യ മേഖല ലോകോത്തരമാക്കുന്നതിൽ രോഗ പ്രതിരോധം, രോഗനിർണയം, ചികിത്സ, ആരോഗ്യ സേവനം എന്നിവയിൽ മാത്രം ശ്രദ്ധ ചെലുത്തിയാൽ പോര. ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട വിവിധ മേഖലകളിലെ ഗവേഷണം പ്രോത്സാഹിപ്പിക്കണം. അവയിലൂടെ സൃഷ്ടിക്കപ്പെടുന്ന അറിവുകൾ ആരോഗ്യ പരിപാലനത്തിന് ഉതകുന്ന ഉത്പന്നങ്ങളാക്കി പരിവർത്തിപ്പിക്കാൻ കഴിയുന്ന സംവിധാനങ്ങൾ യാഥാർഥ്യമാക്കണം. ഇതു മുൻനിർത്തിയാണു വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിനെ ലോക നിലവാരത്തിലേക്ക് ഉയർത്തുന്നത്. ലൈഫ് സയൻസ് പാർക്കിന്റെയും മെഡിക്കൽ ഡിവൈസസ് പാർക്കിന്റെയും നിർമാണം പൂർത്തിയാക്കാൻ ഊർജിത ശ്രമം നടത്തുന്നുണ്ട്. ഫാർമസ്യൂട്ടിക്കൽ വ്യവസായത്തിൽ ഇന്നുള്ള വലിയ സാധ്യതകൾ പ്രയോജനപ്പെടുത്തണം. ഈ ഉദ്ദേശ്യത്തോടെയാണു കെ.എസ്.ഡിപിയെ നവീകരിക്കുന്നത്. രാജ്യത്തെ ഏറ്റവും പ്രധാന ഫാർമസ്യൂട്ടിക്കൽ ഹബ്ബുകളിലൊന്നായി കേരളത്തെ മാറ്റുകയാണു ലക്ഷ്യം.
പൊതുജനാരോഗ്യ സംവിധാനങ്ങളെ രോഗീസൗഹൃദമാക്കിയെന്നതാണ് ആർദ്രം മിഷന്റെ പ്രധാന നേട്ടം. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളായതു പേരിലെ മാറ്റംകൊണ്ടു മാത്രമല്ല, എല്ലാ നിലയിലും അവയെ കാലാനുസൃതമായി പരിഷ്‌കരിക്കുകയായിരുന്നു. ഇപ്പോൾ അന്തർദേശീയ നിലവാരമുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങളാണു കേരളത്തിലുള്ളത്. ഡോക്ടർമാരും മറ്റ് ആരോഗ്യ പ്രവർത്തകരുടേയും എണ്ണം ഓരോ കുടുംബാരോഗ്യ കേന്ദ്രത്തിലും വർധിപ്പിച്ചു. സൂപ്പർ സ്പെഷ്യാലിറ്റി സൗകര്യങ്ങൾക്കൊപ്പം പാലിയേറ്റിവ് കെയർ സംവിധാനങ്ങൾ കാര്യക്ഷമമാക്കി. ഏറക്കുറെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപന അതിർത്തിയിലും പാലിയേറ്റിവ് കെയർ സംവിധാനങ്ങൾ ആരംഭിക്കാൻ കഴിഞ്ഞു.
ആരോഗ്യ സൗകര്യങ്ങൾ ലോകേത്തരമാക്കാനുള്ള പരിശ്രമങ്ങളുടെ ഭാഗമായാണ് ആർദ്രം – 2 നടപ്പാക്കുന്നത്. ഇതിന്റെ ആദ്യ ഘട്ടമായി സ്‌ക്രീനിങ് നടത്താൻ കേരളത്തിലെ ഓരോ നിയോജക മണ്ഡലത്തിലും ഓരോ ആരോഗ്യ സ്ഥാപനത്തെ തെരഞ്ഞെടുത്തിട്ടുണ്ട്. ആരോഗ്യ വിവരങ്ങൾ ശേഖരിക്കാനായി ‘ശൈലി’ എന്ന പേരിൽ മൊബൈൽ ആപ്പും സജ്ജീകരിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പിലെ ജീവനക്കാരെ പബ്ലിക് ഹെൽത്ത് കേഡർ എന്നും മെഡിക്കൽ സർവീസ് കേഡർ എന്നും രണ്ടായി വിഭജിക്കാനുള്ള നടപടികൾ തുടങ്ങി. കേരളത്തിൽ റോഡ് അപകടങ്ങളിൽ പരുക്കേൽക്കുന്നവർക്ക് ആദ്യ 48 മണിക്കൂർ സൗജന്യ ചികിത്സ ലഭ്യമാക്കുന്നതിന് ട്രോമകെയർ സൗകര്യം ആരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ട്. സ്‌കൂൾ കുട്ടികളിലെ വിളർച്ച പരിഹരിക്കുന്നതിനുള്ള പദ്ധതി നടപ്പാക്കിവരുന്നു. വയോജനങ്ങൾ നേരിടുന്ന ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി പ്രത്യേക ക്ലിനിക്കുകൾ ആരംഭിച്ചു. മുതിർന്ന പൗര•ാരുടെ ആരോഗ്യ പ്രശ്നങ്ങളുടെ സങ്കീർണതകൾ കണക്കിലെടുത്താണ് ‘അരികെ’ പദ്ധതി ആവിഷ്‌കരിച്ചത്. വാതിൽപ്പടി സേവനത്തിന്റെ ഭാഗമായി മുതിർന്ന പൗര•ാരിൽ വലിയ തോതിൽ അവശതയനുഭവിക്കുന്നവർക്ക് ആവശ്യമായ സൗകര്യങ്ങൾ അവരുടെ അടുക്കലെത്തിക്കുന്ന പദ്ധതിയും നടപ്പാക്കിവരുന്നു. സംസ്ഥാനവ്യാപകമായി ക്യാൻസർ കെയർ പദ്ധതിയും നടപ്പാക്കുന്നുണ്ട്.
വികസിത രാജ്യങ്ങൾക്കു തുല്യമായ നിലയിലുള്ള നേട്ടങ്ങളാണ് ആരോഗ്യ രംഗത്തിന്റെ ചില മേഖലകളിൽ കേരളം കൈവരിച്ചത്. കേരളത്തിലെ കുറഞ്ഞ ശിശുമരണ, മാതൃമരണ നിരക്കുകൾ വികസിത രാജ്യങ്ങൾക്കു തുല്യമായ അവസ്ഥയിലാണ്. പ്രതിരോധ കുത്തിവയ്പ്പുകൾ നൽകുന്നതിലും കേരളം മുന്നിലാണ്. ദേശീയതലത്തിൽ മികച്ച ആശുപത്രികൾക്കുള്ള നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡിൽ ആദ്യ സ്ഥാനങ്ങൾ കേരളത്തിലെ കുടുംബാരോഗ്യ കേന്ദ്രങ്ങൾക്കാണു ലഭിച്ചത്. കേരളത്തിന്റെ കോവിഡ് പ്രതിരോധം ലോകം പ്രകീർത്തിച്ചതാണ്. ഇത്തരം നേട്ടങ്ങൾക്കു പിന്നിൽ കേരളത്തിലെ നവോത്ഥാന പ്രസ്ഥാനങ്ങൾ വഹിച്ച പങ്കും വലുതാണ്. വ്യക്തിശുചിത്വത്തിനു പ്രാധാന്യം നല്കുന്നതായിരുന്നു ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്. ജനകീയാസൂത്രണ പ്രക്രിയ ആരോഗ്യ മേഖലയേയും പൊതുജനാരോഗ്യ സംവിധാനങ്ങളേയും പൊതുജനങ്ങളുമായി കൂടുതൽ ബന്ധപ്പെടുത്തി. ആരോഗ്യ മേഖലയിൽ ഏറ്റവും കൂടുതൽ അധികാര വികേന്ദ്രീകരണം നടന്ന നാടാണു കേരളം. പ്രാഥമികാരോഗ്യ കേന്ദ്രം മുതൽ ജില്ലാ ആശുപത്രികൾ വരെ ഇപ്പോൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണു നിയന്ത്രിക്കുന്നത്. അതുകൊണ്ടുതന്നെ 1996ൽ 22 ശതമാനം ജനങ്ങൾ ആശ്രയിച്ചിരുന്ന സർക്കാർ ആശുപത്രികൾ ഇപ്പോൾ 60 ശതമാനമായി ഉയർന്നെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ത്രിതല ആരോഗ്യ സംവിധാനങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുന്ന ശ്രമങ്ങളാണു സർക്കാർ നടത്തുന്നതെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ച ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ പുതിയ കോംപ്രഹൻസിവ് സ്ട്രോക് യൂണിറ്റ് പ്രവർത്തനസജ്ജമായിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഒരു ന്യൂറോ കാത്ത് ലാബും സിടി സ്‌കാൻ മെഷീനും 14 ബെഡ്ഡുള്ള പ്രത്യേക ന്യൂറോ സ്ട്രോക് ഐ.സി.യുവും സജ്ജമാക്കി. ഇത്തരം സംവിധാനം സർക്കാർ മെഡിക്കൽ കോളജുകളിൽ രാജ്യത്തുതന്നെ ആദ്യമാണ്. ഐ.സി.എം.ആറിന്റെ സ്ട്രോക് രജിസ്ട്രി സെന്ററായി തിരുവനന്തപുരം മെഡിക്കൽ കോളജിനെ തെരഞ്ഞെടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മെഡിക്കൽ കോളജ് അങ്കണത്തിൽ നടന്ന ചടങ്ങിൽ തിരുവനന്തപുരം മെഡിക്കൽ കോളജിലെ പൂർവ വിദ്യാർഥികളായ പ്രഗത്ഭ ഡോക്ടർമാരെ മുഖ്യമന്ത്രി ആദരിച്ചു. ആഘോഷങ്ങളുടെ ഭാഗമായി മെഡിക്കൽ രംഗത്തെ വിദഗ്ധരെ പങ്കെടുപ്പിച്ച് ത്രിദിന മെഡിക്കൽ കൺവൻഷനും സംഘടിപ്പിച്ചിട്ടുണ്ട്. ഭക്ഷ്യ – സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ, കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, ഡെപ്യൂട്ടി മേയർ പി.കെ. രാജു, അഡീഷണൽ ചീഫ് സെക്രട്ടറി ആശ തോമസ്, ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമ്മൽ, ആർ.സി.സി. ഡയറക്ടർ ഡോ. രേഖ നായർ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.