കല്‍പ്പറ്റ റവന്യൂ ബ്ലോക്ക് ആരോഗ്യമേള ഇന്ന് (ശനി) കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടക്കും. രാവിലെ 10 ന് നടക്കുന്ന ചടങ്ങ് അഡ്വ. ടി. സിദ്ധീഖ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ നസീമ അധ്യക്ഷത വഹിക്കും. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സക്കീന മുഖ്യപ്രഭാഷണവും ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സമീഹ സെയ്തലവി വിഷയാവതരണവും നടത്തും. തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്‍മാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ആരോഗ്യ മേളയോടനുബന്ധിച്ച് രാവിലെ 9ന് കല്‍പ്പറ്റ പഴയ ബസ് സ്റ്റാന്റ് പരിസരത്തുനിന്നും ഉദ്ഘാടനവേദിയിലേക്ക് നടത്തുന്ന വിളംബര ജാഥ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഫ്‌ളാഗ് ഓഫ്ചെയ്യും.

കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ ആരോഗ്യ വകുപ്പ്, ദേശീയ ആരോഗ്യ ദൗത്യം എന്നിവ സംയുക്തമായി വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്. ആരോഗ്യമേഖലയില്‍ ആരംഭിച്ചിട്ടുള്ള ഹെല്‍ത്ത് ആന്റ് വെല്‍നസ് ക്ലിനിക്കുകളുടെ നാലാം വാര്‍ഷികം പ്രമാണിച്ചാണ് എല്ലാ റവന്യൂ ബ്ലോക്കുകളിലും ആരോഗ്യമേളകള്‍ സംഘടിപ്പിക്കുന്നത്. വിവിധ പ്രദര്‍ശന സ്റ്റാളുകള്‍, സമ്മേളനം, സെമിനാറുകള്‍, വിവിധ ആരോഗ്യവിഭാഗങ്ങളുടെ മെഡിക്കല്‍ ക്യാമ്പുകള്‍, രോഗനിര്‍ണയ ക്യാമ്പുകള്‍ തുടങ്ങി ആരോഗ്യസംബന്ധമായ വിവിധ പരിപാടികളും പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടുത്തിയാണ് മേള. ആരോഗ്യ സംബന്ധമായ വിവിധ സര്‍ക്കാര്‍ പദ്ധതികള്‍ പൊതുജനങ്ങളില്‍ എത്തിക്കുകയും ആരോഗ്യ അവബോധം സൃഷ്ടിക്കുകയുമാണ് മേളയുടെ ലക്ഷ്യം.