‘ജനകീയാസൂത്രണത്തിന്റെ ഇരുത്തിയഞ്ചാം വർഷം, നവകേരളത്തിനായി തൊഴിലുറപ്പ് പദ്ധതികൾ’ എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടന്ന സംസ്ഥാനതല ശിൽപശാലയിൽ ഇടംനേടി വരവൂർ ഗ്രാമപഞ്ചായത്ത്. തൊഴിലുറപ്പ് പദ്ധതി വഴി പഞ്ചായത്തിൽ നടപ്പാക്കിയ മാതൃകാ പ്രവർത്തനങ്ങളാണ് ശിൽപശാലയിൽ ഉൾപ്പെട്ടത്.

കൊട്ടാരക്കര കില സിഎച്ച്ആർഡി ക്യാമ്പസിൽ നടന്ന ശിൽപശാലയിൽ ജില്ലാതലങ്ങളിലെ മാതൃക പദ്ധതിയോടൊപ്പം വരവൂർ ഗ്രാമ പഞ്ചായത്ത് മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിലെ മാതൃകാ പദ്ധതികളും അവതരിപ്പിച്ചു.

വംശനാശഭീഷണി നേരിടുന്ന കുളവെട്ടി മരങ്ങൾക്ക് ആവാസവ്യവസ്ഥ ഒരുക്കുന്നതിന് വേണ്ടിയുള്ള പദ്ധതി ഉൾപ്പടെയാണ് ശിൽപശാലയിൽ അവതരിപ്പിച്ചത്. പന്ത്രണ്ടാം വാർഡിലെ കൊറ്റുപുറത്തുള്ള കോഴിക്കോട്ട് കുളത്തിന്റെ സമീപമാണ് കുളവെട്ടിക്ക് ആവാസവ്യവസ്ഥ ഒരുക്കിയിരിക്കുന്നത്. 20 ഓളം കുളവെട്ടി തൈകളാണ് പരിസ്ഥിതി ദിനത്തിൽ നട്ടുപിടിപ്പിച്ചത്. പട്ടികജാതി – പട്ടികവർഗ്ഗ – പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ ആണ് പരിസ്ഥിതി ദിനത്തിൽ പദ്ധതി ഉദ്ഘാടനം ചെയ്തത്. അൻപതിലധികം വരുന്ന തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിലാണ് ഇതിനായുള്ള കുഴികൾ ഒരുക്കുന്നതടക്കമുള്ള പ്രവർത്തനങ്ങൾ നടത്തിയത്.

നവകേരളം പച്ചതുരുത്ത് പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിലെ കൊറ്റുപുറത്ത് ഒരുക്കിയ ഔഷധ ഉദ്യാനവും ശിൽപ്പശാലയിൽ ചർച്ചയായി. പത്തോളം ഔഷധസസ്യങ്ങളുടെ നൂറോളം ചെടികൾ ഉൾപ്പെടുന്ന ഉദ്യാനം സംസ്ഥാന ഔഷധ സസ്യ ബോർഡിൽ നിന്നും ലഭിച്ച ചെടികൾ കൊണ്ടാണ് ഒരുക്കിയത്. വരവൂർ എൽ പി സ്കൂളിൽ 145 മീറ്റർ നീളത്തിലും 1.5 മീറ്റർ വീതിയിലും 4,53,160 രൂപ അടങ്കലിൽ നിർമ്മിച്ച ചുറ്റുമതിലും തൊഴിലുറപ്പ് പദ്ധതി പ്രകാരം നടത്തിയ വേറിട്ട പദ്ധതി ആയിരുന്നു.

2021-22 സാമ്പത്തിക വർഷത്തിൽ തൊഴിലുറപ്പ് പദ്ധതി പ്രകാരം പഞ്ചായത്തിൽ 3.33 കോടി രൂപയാണ് ചെലവഴിച്ചത്. 26 ആട്ടിൻ കൂട്,14 കാലി തൊഴുത്ത്, 33 സോക്പിറ്റ്, 14 കമ്പോസ്റ്റ് പിറ്റ്, 259 കിണറുകൾ, 56 കിണർ റീചാർജ്ജ് എന്നിവ പൂർത്തീകരിച്ചു. 2022-2023 വർഷത്തിൽ നാളിതു വരെയായി 67.85 ലക്ഷം രൂപ പദ്ധതിക്കായി ചെലവഴിച്ചു. നിലവിൽ 2290 ആക്റ്റീവ് തൊഴിൽ കാർഡ് ഉടമകളുണ്ട്.

പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എം കെ ആൽഫ്രെഡ് ശിൽപശാലയിൽ പദ്ധതികൾ അവതരിപ്പിച്ചു. വികസന സ്ഥിരംസമിതി അധ്യക്ഷ പി കെ യശോധയും ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ വിമല പ്രഹ്ളാദനും പദ്ധതി പ്രവർത്തനങ്ങൾ വിശദീകരിച്ചു.