സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎയുടെയും ജില്ലാ കളക്ടർ ഹരിത വി കുമാറും സന്ദർശിച്ചു

ഓണത്തെ വരവേൽക്കാനായി തയ്യാറെടുക്കുന്ന വാഴാനി ടൂറിസം കേന്ദ്രം സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎയുടെയും ജില്ലാ കലക്ടർ ഹരിത വി കുമാറിന്റെയും നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു.
ആഗസ്റ്റ് 30 മുതൽ ആരംഭിക്കുന്ന വാഴാനി ഓണം ഫെസ്റ്റിന് മുന്നോടിയായി ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായാണ് സംഘം വാഴാനി ഡാം സന്ദർശിച്ചത്.

കോവിഡ്കാലത്തെ അടച്ചിടലിനുശേഷം ഡിടിപിസിയുടെ നേതൃത്വത്തിൽ ആദ്യമായി നടത്തുന്ന ഓണാഘോഷങ്ങൾക്കായി തുറന്നുകൊടുക്കുകയാണ് വാഴാനി ഡാമും ഗാർഡനും കുട്ടികളുടെ പാർക്കും. അറ്റകുറ്റപ്പണികളും സൗന്ദര്യവത്കരണവും നടന്നുവരുന്നു. ഉപയോഗശൂന്യമായ തൂക്കുപാലത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തി 30 ന് മുമ്പായി തുറക്കും. ഇതിനായി അഞ്ചുലക്ഷം രൂപയുടെ അടിയന്തിര ടെൻഡർ അനുവദിച്ചതായി സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ പറഞ്ഞു. വാഴാനി ഓണം ഫെസ്റ്റ് പരിപാടികൾ ആഗസ്റ്റ് 30 ന് അഭിക്കുന്നതിനാൽ നടന്നുകൊണ്ടിരിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളും ഫെസ്റ്റിൻ്റെ ഒരുക്കങ്ങളും അതിവേഗം പൂർത്തീകരിക്കും.

വാഴാനി ടൂറിസം കേന്ദ്രം വികസനത്തിന്റെ ഭാഗമായി കുട്ടികളുടെ പാർക്ക് നവീകരണത്തിന് പുതിയ ഡിപിആർ തയ്യാറായിട്ടുണ്ട്. ആഭ്യന്തര ടൂറിസം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുന്നുണ്ടെന്നും ഇതിനു സഹായകമായ രീതിയിലുള്ള സഹകരണമാണ് പൊതുജനങ്ങളുൾപ്പെടെയുള്ളവരിൽ നിന്ന് പ്രതീക്ഷിക്കുന്നതെന്നും എംഎൽഎ പറഞ്ഞു.

സെപ്തംബർ 30ന് അത്തംനാൾ മുതൽ ഓണംവരെയുള്ള ദിവസങ്ങളിൽ വാഴാനി ഫെസ്റ്റിന്റെ ഭാഗമായിട്ടുള വിവിധ പരിപാടികൾ നടക്കും. മന്ത്രിമാർ ഉൾപ്പെടെ പരിപാടികളിൽ പങ്കെടുക്കും. സെപ്റ്റംബർ 9 മുതൽ 12 വരെ കലാപരിപാടികൾ അരങ്ങേറും.

വാഴാനി ഐ ബി, പവലിയൻ, ഷട്ടർ, തൂക്കുപാലം, ചിൽഡ്രൻസ് പാർക്ക് തുടങ്ങി ഡാമിലെ മുഴുവൻ സ്ഥലങ്ങളും എം എൽ എ യുടെയും കളക്ടറുടെയും നേതൃത്വത്തിൽ സന്ദർശിച്ചു. ജില്ലാ വികസന കമ്മീഷണർ ശിഖ സുരേന്ദ്രൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി പി അബ്ദുൾ കരീം, ഡി ടി പി സി സെക്രട്ടറി ജോബി ജോർജ്ജ്, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എം കെ ശ്രീജ, തെക്കുംകര ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി ആർ രാധാകൃഷ്ണൻ, ഗ്രാമപഞ്ചായത്ത് അംഗം ഷൈനി ജേക്കബ്ബ്, മേജർ ഇറിഗേഷൻ ഉദ്യോഗസ്ഥർ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.