ഒരു ഗ്രാമത്തിന്റെ മുഖഛായതന്നെ  മാറ്റാനൊരുങ്ങുകയാണ് മലയോര മേഖലയിൽ പ്രവർത്തിക്കുന്ന പഞ്ചായത്ത് അംഗങ്ങളും ഉദ്യോഗസ്ഥരും. നവകേരള സൃഷ്ടിക്കായി ജനകീയാസൂത്രണം പദ്ധതിമുഖേന 2022  -23 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് നടപ്പിലാക്കാനൊരുങ്ങുന്നത് ഇരുപതോളം പദ്ധതികൾ. കാർഷിക, ക്ഷീര മേഖലകൾക്ക് മുൻഗണന നൽകുന്ന പദ്ധതികളാണ് കൂടുതലും. പ്ലാസ്റ്റിക് മാലിന്യ സംഭരണ സംസ്‌കരണ പദ്ധതിയും ഇതിൽ ഉള്‍പ്പെടുന്നു.

തെങ്ങുകൾക്ക് ജൈവവള വിതരണം, നെൽകൃഷി വികസനം, പോത്ത് കുട്ടി പരിപാലനം, മുട്ടക്കോഴി വിതരണം, തെങ്ങിൻതടത്തിൽ പയർകൃഷി, ക്ഷീരകർഷകർക്ക് കാലിത്തീറ്റ തുടങ്ങി  സമഗ്ര ശുചിത്വ വികസന പദ്ധതികളാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ വി റീത്ത പറഞ്ഞു.

ഇതിന്റെ ഭാഗമായി പഞ്ചായത്തിലെ പതിമൂന്ന് വാർഡുകളിലും അയൽസഭകൾ ചേർന്ന് ആവശ്യമായ ഫോറങ്ങൾ നൽകി. പൂരിപ്പിച്ച  ഫോറങ്ങൾ തിരിച്ചുലഭിച്ചു കഴിഞ്ഞാൽ വാർഡ് സമിതികൾ ചേർന്ന് പദ്ധതികളുടെ മുൻഗണന ലിസ്റ്റ് തയ്യാറാക്കും. തുടർന്ന് ലിസ്റ്റ് പഞ്ചായത്ത്‌ വർക്കിങ് ഗ്രൂപ്പിന് കൈമാറും. വർക്കിങ് ഗ്രൂപ്പിന്റെ അംഗീകാരം ലഭിച്ചു കഴിഞ്ഞാൽ ഗ്രാമസഭ മുഖേന പദ്ധതികളുടെ ഗുണഭോക്തൃ ലിസ്റ്റ് അംഗീകരിക്കുകയും പദ്ധതി നിർവഹണത്തിലേക്ക് കടക്കുകയും ചെയ്യും.