* ഇടമലക്കുടി പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് ഡോക്ടര്‍മാരെ കിട്ടുന്നില്ല
* സ്‌കൂള്‍ പരിസരങ്ങളില്‍ ലഹരിവില്‍പന തടയാന്‍ പരിശോധന നടത്തും

മറയൂര്‍, കോട്ടയം ഡിവിഷനുകള്‍ക്ക് കീഴില്‍ വന്യമൃഗശല്യം രൂക്ഷമായ പ്രദേശങ്ങളില്‍ സോളാര്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നതിന് സാധ്യത പഠനം നടത്തി പദ്ധതി നടപ്പിലാക്കുമെന്ന് ജില്ലാ വികസന സമിതി യോഗത്തില്‍ തീരുമാനം. ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന് വികസന സമിതി യോഗത്തിലാണ് ഡി.എഫ്.ഒ.മാര്‍ തീരുമാനം അറിയിച്ചത്. നിലവില്‍ മറയൂര്‍, കാന്തല്ലൂര്‍, മൂന്നാര്‍ മേഖലയില്‍ സോളാര്‍ ഫെന്‍സിങ്, ജനജാഗ്രത സമിതി, വാച്ചര്‍മാരുടെ സേവനം, സ്വയം സന്നദ്ധ പുനരധിവാസം എന്നിവ നടപ്പിലാക്കിയിട്ടുണ്ടെന്നും ഫണ്ട് ലഭ്യതയ്ക്കനുസരിച്ച് നഷ്ടപരിഹാരം നല്‍കുന്നുണ്ടെന്നും യോഗത്തില്‍ അറിയിച്ചു.

ജില്ല വികസന സമിതി യോഗം കൂടുതല്‍ ക്രിയാത്മകമാകണമെന്നും ചര്‍ച്ചകള്‍ പോസിറ്റീവാകണമെന്നും ജില്ലാ കളക്ടര്‍ അധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. ജില്ലാ പ്ലാനിങ് ഓഫീസ് മെമ്പര്‍ സെക്രട്ടറി എം. എം. ബഷീര്‍ മുന്‍ യോഗത്തിലെ നടപടി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

പൈനാവ് താന്നിക്കണ്ടം അശോകക്കവല റോഡ്, ചെമ്മണ്ണാര്‍ ഗ്യാപ്പ് റോഡ് എന്നിവ റീബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി പ്രവൃത്തി തുടര്‍ന്നുവരുന്നതായി പൊതുമരാമത്ത് വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. പഞ്ചായത്ത് റോഡ്, ദേശീയപാത, പെതുമരാമത്ത് റോഡ് എന്നിവയുടെ വശങ്ങളില്‍ അപകട ഭീഷണിയായി നില്‍ക്കുന്ന മരങ്ങളും ചില്ലകളും നീക്കം ചെയ്യാന്‍ എല്ലാ പഞ്ചായത്തുകള്‍ക്കും ബന്ധപ്പെട്ട വകുപ്പ് അധികാരികള്‍ക്കും നിര്‍ദേശം നല്‍കിയതായി പഞ്ചായത്ത് ജോയിന്റ് ഡയറക്ടറും എക്സിക്യൂട്ടീവ് എന്‍ജിനീയറും അറിയിച്ചു.
ഇടമലക്കുടി ഗ്രാമപഞ്ചായത്തിലേക്കുള്ള ഒപ്റ്റിക്കല്‍ ഫൈബര്‍ കണക്ടിവിറ്റിക്കായുള്ള എസ്റ്റിമേറ്റ് സര്‍ക്കാര്‍ അംഗീകരിച്ച് ഫണ്ട് നല്‍കിയിട്ടുണ്ട്. സൊസൈറ്റിക്കുടിയില്‍ ആന നശിപ്പിച്ച ബി. എസ്. എന്‍. എല്‍. ടവര്‍ പുനര്‍നിര്‍മിച്ചതായും ഇടമലക്കുടിയില്‍ ഇന്റര്‍നെറ്റ് മൊബൈല്‍ കണക്ടിവിറ്റി ലഭ്യമാക്കുന്നതിന് 4,30,74,727 രൂപ അനുവദിച്ചിട്ടുണ്ടെന്നും ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസര്‍ അറിയിച്ചു. തോട്ടങ്ങളിലെ ലയങ്ങളിലെ ശോച്യാവസ്ഥ പരിഹരിക്കുന്നതിനുള്ള അറ്റകുറ്റപ്പണികള്‍ക്ക് മാനേജ്മെന്റുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. 19,552 അതിഥി തൊഴിലാളികളാണ് നിലവില്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നും അദ്ദേഹം അറിയിച്ചു. മറയൂര്‍, കാന്തല്ലൂര്‍, വട്ടവട പഞ്ചായത്തുകളില്‍ കിടത്തിച്ചികില്‍സ ആരംഭിക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ സ്വീകരിച്ചുവരുന്നതായും യോഗത്തില്‍ അറിയിച്ചു.
ഇടുക്കി മെഡിക്കല്‍ കോളേജിലെ പുതിയ ബ്ലോക്കില്‍ കാഷ്വാലിറ്റി, ഒ.പി സേവനങ്ങളും പഴയ ആശുപത്രി ബ്ലോക്കില്‍ ഗൈനക്കോളജി, പീഡിയാട്രിക് വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്നതായും പുതിയ ബ്ലോക്കിലെ സിവില്‍, ഇലക്ട്രിക്കല്‍ വര്‍ക്കുകള്‍ പൂര്‍ത്തീകരിക്കുന്ന മുറയ്ക്ക് കിടത്തി ചികില്‍സ ആരംഭിക്കുമെന്നും മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഇടമലക്കുടി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മൂന്ന് ഡോക്ടര്‍മാരില്‍ രണ്ട് പേര്‍ സ്ഥലം മാറിപ്പോയതായും ഒരാള്‍ അനധികൃത അവധിയിലാണെന്നും ഇവിടെ പ്രവര്‍ത്തിക്കാന്‍ സന്നദ്ധരായ ഡോക്ടര്‍മാരെ ലഭിക്കുന്നില്ലെന്നും ഡി. എം. ഒ. അറിയിച്ചു.
ജില്ലയില്‍ രൂക്ഷമാകുന്ന തെരുവ് നായ ശല്യം, ചെറുപ്പക്കാര്‍ക്കും കുട്ടികള്‍ക്കും ഇടയില്‍ വര്‍ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗം എന്നിവയെക്കുറിച്ചുള്ള ആശങ്കയും ജില്ല വികസന സമിതിയോഗത്തില്‍ ഉണ്ടായി. തെരുവുനായ്ക്കളെ പിടികൂടി വന്ധ്യംകരിക്കുന്നതിന് എബിസി പദ്ധതി പ്രകാരം രണ്ട് ബ്ലോക്കുകള്‍ക്ക് ഒന്ന് എന്നതോതില്‍ ജില്ലയില്‍ ഡോഗ് ഷെല്‍ട്ടര്‍ തുടങ്ങാനും ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പദ്ധതി കാര്യക്ഷമമായി നടപ്പാക്കാനും യോഗത്തില്‍ തീരുമാനിച്ചു. ലഹരി ഉപയോഗം തടയാനും ബോധവത്കരണം നടത്താനും പോലീസ്, എക്സൈസ്, പഞ്ചായത്തുകള്‍ എന്നിവ സഹകരിച്ച് പ്രവര്‍ത്തിക്കാനും സ്‌കൂള്‍ പരിസരങ്ങളില്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് നേതൃത്വത്തില്‍ ആഴ്ചയിലൊരിക്കലെങ്കിലും പരിശോധന നടത്താനും തീരുമാനിച്ചു.
ഹര്‍ഘര്‍തിരംഗയുമായി ബന്ധപ്പെട്ട് കുടുംബശ്രീ പതാക നിര്‍മാണത്തില്‍ സംഭവിച്ച വീഴ്ചയെക്കുറിച്ചുള്ള വിമര്‍ശനങ്ങളും യോഗത്തിലുയര്‍ന്നു. ദേശീയ ഗ്രാമീണ തുടര്‍പദ്ധി വെട്ടിച്ചുരുക്കുന്ന കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിഷേധം ഉയര്‍ത്തണമെന്നും ഇത് തോട്ടം മേഖലയില്‍ പട്ടിണിയുണ്ടാക്കുമെന്നും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹന്‍ കുമാര്‍, പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് എം. ലത്തീഫ് എന്നിവര്‍ പറഞ്ഞു. ഭൂജലവകുപ്പിന്റെ കിണര്‍ സെന്‍സസിനോട് ജനങ്ങള്‍ സഹകരിക്കുന്നില്ലെന്നും ജനപ്രതിനിധികളുടെ ഇടപെടല്‍ ആവശ്യമാണെന്നും വകുപ്പിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ജില്ലയിലെ വിവിധ വകുപ്പുകളുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.