മന്ത്രി. പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

സപ്ലൈകോയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ജില്ലാ ഓണം ഫെയറിന്റെ ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവ്വഹിച്ചു. മികച്ച ഗുണമേന്മയുള്ള ഉത്പന്നങ്ങൾ മിതമായ നിരക്കിൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിലും ആഘോഷകാല വിപണിയിലെ അധികവില വർധനവിനെ നിയന്ത്രിക്കുന്നതിലും നിർണ്ണായക പങ്കാണ് സപ്ലൈകോയ്ക്ക് ഉള്ളതെന്ന് മന്ത്രി പറഞ്ഞു. വിവിധ വകുപ്പുകൾ ന്യായവില പ്രോത്സാഹിപ്പിക്കുന്ന ഓണം ഫെയറുകൾ സംഘടിപ്പിക്കുന്നുണ്ട്. അധികവില വർധനവിനെ നിയന്ത്രിക്കാൻ സർക്കാർ നിരവധി ഇടപെടലുകൾ നടത്തിയിട്ടുണ്ട്. ഇത്തരം ജനകീയ ഇടപെടലിനെ സർക്കാർ പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

 

ഇ.എം.എസ് സ്റ്റേഡിയം കോമ്പൗണ്ടിൽ നടന്ന ചടങ്ങിൽ തുറമുഖ, പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ അദ്ധ്യക്ഷത വഹിച്ചു. എല്ലാ ജനവിഭാഗങ്ങളുടെയും ക്ഷേമം ഉറപ്പുവരുത്തുന്നതിനായി വിപുലമായ പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഗുണമേന്മയുള്ള സാധനങ്ങൾ ന്യായവിലയ്ക്ക് കൃത്യമായ അളവിൽ നൽകാൻ സപ്ലൈകോ ഓണം ഫെയറിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

ഓണം ഫെയർ സെപ്റ്റംബർ ഏഴ് വരെ  ഇ.എം.എസ് സ്റ്റേഡിയം കോമ്പൗണ്ടിൽ നടക്കും. ചടങ്ങിന്റെ മുഖ്യാതിഥിയായ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ ആദ്യവില്പന നടത്തി. സപ്ലൈകോ അഡീഷണൽ ജനറൽ മാനേജർ ബി. അശോകൻ, ജില്ലാ സപ്ലൈ ഓഫീസർ കെ. രാജീവ്, മറ്റു രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.