ബേപ്പൂരിനെ ഏറ്റവും മികച്ച ഉത്തരവാദിത്ത ടൂറിസം കേന്ദ്രമാക്കുന്നതിനുള്ള വികസന പദ്ധതിയാണ് നടപ്പിലാക്കുന്നതെന്ന് ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റ് ജൂറി ചെയര്‍മാനും ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ റെസ്‌പോണ്‍സിബിള്‍ ടൂറിസം സ്ഥാപകനുമായ ഡോ.ഹാരോള്‍ഡ് ഗുഡ്വിന്റെ ബേപ്പൂര്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു മന്ത്രി.

ബേപ്പൂര്‍ സമഗ്ര ഉത്തരവാദിത്ത ടൂറിസം പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ നേരില്‍ കണ്ടു മനസ്സിലാക്കുന്നതിനും ബേപ്പൂരിനെ സാര്‍വദേശീയ ഉത്തരവാദിത്ത ടൂറിസം കേന്ദ്രമാക്കുന്നതിനും വേണ്ടി ആഗോള സുസ്ഥിര ടൂറിസം നേതാക്കള്‍ ബേപ്പൂര്‍ സന്ദര്‍ശിക്കുന്ന പ്രവര്‍ത്തനത്തിന്റെ ഭാഗമായിരുന്നു ഗുഡ്വിന്റെ സന്ദര്‍ശനം.

വിനോദസഞ്ചാര കേന്ദ്രത്തിനാവശ്യമായ എല്ലാ ഘടകങ്ങളും ഒത്തിണങ്ങിയ പ്രദേശമാണ് ബേപ്പൂര്‍. അറബിക്കടല്‍, ചാലിയാര്‍ പുഴ, പുലിമുട്ട്, ബേപ്പൂര്‍ തുറമുഖം, കടലുണ്ടി പക്ഷിസങ്കേതം, കടലുണ്ടിക്കടവ് അഴിമുഖം, കണ്ടല്‍ക്കാടുകള്‍ തുടങ്ങി വിവിധ ആകര്‍ഷണങ്ങളും കലാ സാംസ്‌കാരിക തനിമയും, ചരിത്ര പ്രാധാന്യവും,  ഭക്ഷണവൈവിധ്യവും ഗ്രാമീണ ജീവിത രീതികളും കൊണ്ട് സമൃദ്ധമായ പ്രദേശമാണ് ബേപ്പൂര്‍. പങ്കാളിത്ത ടൂറിസം വികസന പ്രക്രിയയിലൂടെ ബേപ്പൂരിനെ അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു. പദ്ധതിയുടെ ഭാഗമായി പ്രദേശവാസികളായ 10 യുവാക്കള്‍ക്ക് മൂന്നുമാസത്തെ അടിസ്ഥാന സര്‍ഫിങ് പരിശീലനം നല്‍കി. ബേപ്പൂര്‍ ടൂറിസം കേന്ദ്രത്തിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി ഫാം ട്രിപ്പുകള്‍ സംഘടിപ്പിക്കും. റിവഞ്ച് ടൂറിസത്തിന്റെ സാധ്യതകള്‍ ഉള്‍ക്കൊണ്ട് ബേപ്പൂരില്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും മന്ത്രി പറഞ്ഞു.

ഫറോക്ക് ചുങ്കം വൈക്കം മുഹമ്മദ് ബഷീര്‍ പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ പരിശീലനം ലഭിച്ച വിവിധ ആര്‍ടി യൂണിറ്റുകള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. യൂണിറ്റുകളില്‍ നിര്‍മ്മിച്ച വ്യത്യസ്ത ഉത്പന്നങ്ങള്‍ ഡോ. ഹാരോള്‍ഡ് ഗുഡ്വിനു സമ്മാനിച്ചു. ഫറോക്ക് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ എന്‍.സി അബ്ദുല്‍ റസാഖ് അധ്യക്ഷത വഹിച്ചു. ഡോ. ഹാരോള്‍ഡ് ഗുഡ്വിന്‍ മുഖ്യപ്രഭാഷണം നടത്തി. കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി അനുഷ, ടൂറിസം വകുപ്പ് ഡയറക്ടര്‍ പി.ബി നൂഹ്, ഡെപ്യൂട്ടി ഡയറക്ടര്‍ ടി.സി മനോജ്, ഉത്തരവാദിത്ത ടൂറിസം മിഷന്‍ സംസ്ഥാന കോര്‍ഡിനേറ്റര്‍ കെ.രൂപേഷ് കുമാര്‍, ടൂറിസം വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ടി ജി അഭിലാഷ് കുമാര്‍, ടൂറിസം അഡൈ്വസറി ബോര്‍ഡ് അംഗം ഫൈസല്‍ കൊട്ടിക്കൊള്ളന്‍, ഉത്തരവാദിത്ത ടൂറിസം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ശ്രീകലാ ലക്ഷ്മി, ഡി.ടി.പി.സി സെക്രട്ടറി ടി.നിഖില്‍ ദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.