കനത്ത മഴയെ തുടര്‍ന്ന് ചുങ്കപ്പാറയില്‍ വെള്ളം കയറി ഉണ്ടായ നാശനഷ്ടം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ മഴക്കെടുതിയും തുടര്‍നടപടികളും വിലയിരുത്തുന്നതിന് ഓണ്‍ലൈനായി ചേര്‍ന്ന അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. തോടുകളും നീര്‍ച്ചാലുകളും നിറഞ്ഞു വീടുകളിലും, കടകളിലും വെള്ളം കയറുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പുഴകള്‍, വെള്ളക്കെട്ടുകള്‍, തോടുകള്‍ എന്നിവയില്‍ ആരും കുളിക്കാനും മറ്റ് ആവശ്യങ്ങള്‍ക്കും ഇറങ്ങരുത്. എല്ലാവരും ജാഗ്രത പുലര്‍ത്തണം. അപകട സാധ്യതാ മുന്നറിയിപ്പുള്ള പ്രദേശങ്ങളിലെ ജനങ്ങള്‍ മാറി താമസിക്കണം. ഇലന്തൂരില്‍ റോഡിന്റെ വശം ഇടിഞ്ഞത് പൊതുമരാമത്ത് നിരത്തുവിഭാഗം ഉദ്യോഗസ്ഥര്‍ പരിശോധിക്കണം. ഇതേപോലെ മറ്റെവിടെ എങ്കിലും റോഡ് അപകടാവസ്ഥയിലുണ്ടോയെന്നും പരിശോധിക്കണം. എല്ലാ വകുപ്പുകളും പ്രവര്‍ത്തന സജ്ജമായുണ്ട്. പോലീസ്, ഫയര്‍ഫോഴ്സ് ജില്ലാ ആശുപത്രി, താലൂക്ക് ആശുപത്രികള്‍ എന്നിവ സജ്ജമാണെന്നും മന്ത്രി പറഞ്ഞു.

ചുങ്കപ്പാറയ്ക്കായി പ്രത്യേക സാമ്പത്തിക പാക്കേജ് തയാറാക്കണമെന്ന് ആന്റോ ആന്റണി എംപി പറഞ്ഞു. ചുങ്കപ്പാറ ടൗണിലെ കടകളിലെ മുഴുവന്‍ സാധനങ്ങളും നശിച്ചെന്നും എംപി പറഞ്ഞു. വെണ്ണിക്കുളം സെന്റ് ബഹനാന്‍സ് സ്‌കൂളിലെ ശുചിമുറി കെട്ടിടം ഇടിഞ്ഞിട്ടുണ്ടെന്നും ഇവിടെ കൂടുതല്‍ നാശനഷ്ടം സംഭവിക്കാതിരിക്കുന്നതിന് ആവശ്യമായ മുന്‍കരുതല്‍ വകുപ്പ് തലത്തില്‍ സ്വീകരിക്കണമെന്നും അഡ്വ. മാത്യു ടി തോമസ് എംഎല്‍എ പറഞ്ഞു. പുറമറ്റം, കല്ലൂപ്പാറ എന്നിവിടങ്ങളില്‍ ഓരോ ക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ടെന്നും എംഎല്‍എ പറഞ്ഞു.
ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ കോന്നി നിയോജകമണ്ഡലത്തില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു.
ചുങ്കപ്പാറയില്‍ വലിയ നാശ നഷ്ടമാണുണ്ടായിട്ടുള്ളതെന്നും പ്രത്യേക പാക്കേജ് നടപ്പാക്കണമെന്നും മുഖ്യമന്ത്രിയോട് അഭ്യര്‍ഥിക്കുമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. അടിഞ്ഞുകൂടിയ ചെളി നീക്കം ചെയ്യാന്‍ ഫയര്‍ഫോഴ്സ്, ഇറിഗേഷന്‍ വകുപ്പുകള്‍ ശ്രദ്ധിക്കണം. വകുപ്പുകള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.

ചുങ്കപ്പാറയിലെ 63 കടകളില്‍ വെള്ളം കയറിയിട്ടുണ്ടെന്നും ഓണത്തിനായി സംഭരിച്ചിരുന്ന സാധനങ്ങള്‍ നശിച്ചതായും ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു.  ഏറ്റവും അധികം മഴ ലഭിച്ചത് നാരങ്ങാനത്താണ്. ഇവിടെ 190 മില്ലി മീറ്റര്‍ മഴ പെയ്തു. കക്കി ഡാമിലെ നാലു ഷട്ടറുകള്‍ തുറന്നിരിക്കുകയാണ്.  പമ്പാ ഡാമില്‍ ജലം നിയന്ത്രണ വിധേയമാണ്, ഇവിടെ ഷട്ടറുകള്‍ അടച്ചിരിക്കുകയാണ്. മൂഴിയാര്‍, മണിയാര്‍ എന്നിവ ചെറിയ തോതിലേ തുറന്നിട്ടുള്ളു. മണിമലയാറിലെ ജലനിരപ്പ് ഡെയ്ഞ്ചര്‍ ലെവലിനു മുകളിലാണ്. അച്ചന്‍കോവിലാറില്‍ ജലനിരപ്പ് വാണിംഗ് ലെവല്‍ കടന്നു. പമ്പാ നദിയിലെ ജലനിരപ്പ് നിലവില്‍ അപകടകരമായ നിലയില്‍ ഉയര്‍ന്നിട്ടില്ല.

ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ ജില്ലയില്‍ അതിശക്തമായ ഒറ്റപ്പെട്ട മഴയ്ക്കു സാധ്യതയുണ്ട്. ഇലന്തൂര്‍ വില്ലേജിലെ പട്ടംതറ കോളനിയില്‍ മണ്ണിടിച്ചില്‍ സാധ്യത ഉള്ളതിനാല്‍ ഒന്‍പതു കുടുംബങ്ങളെ ഇലന്തൂര്‍ കമ്മ്യൂണിറ്റി ഹാളിലേക്ക് മാറ്റി താമസിപ്പിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു. ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍, ദുരന്തനിവാരണ വിഭാഗം ഡെപ്യുട്ടി കളക്ടര്‍ ടി.ജി. ഗോപകുമാര്‍, തഹസീല്‍ദാര്‍മാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.