ഇത്തവണ ഓണം പൊലിപ്പിക്കാന്‍ വ്യത്യസ്തതയാര്‍ന്ന പായസ രുചികളും ഓണസദ്യയുമായി എത്തുകയാണ് കൊണ്ടോട്ടി കെ.ടി.ഡി സി. ഹോട്ടല്‍. കേട്ടാല്‍ തന്നെ നാവില്‍ കൊതിയൂറുന്ന പന്ത്രണ്ട് തരം പായസങ്ങളാണ് അത്തം മുതല്‍ ഓണം വരെയുള്ള വിവിധ ദിവസങ്ങളിലായി ഹോട്ടലിലെത്തുന്നവരെ കാത്തിരിക്കുന്നത്. അട, പാലട, പരിപ്പ്, നേത്രപ്പഴം, ക്യാരറ്റ്, മാങ്ങ, ചക്ക, മത്തന്‍, പൈനാപ്പിള്‍, ഗോതമ്പ്, സ്‌പെഷല്‍ പായസം തുടങ്ങി നിരവധി കൊതിയൂറും രുചികളാണ് ഒരുക്കുന്നത്. ഇത് കൂടാതെ ഉത്രാടത്തിനും തിരുവോണത്തിനും വിഭവ സമൃദ്ധമായ ഓണസദ്യയും ഇവിടെ ലഭിക്കും.

കൊണ്ടോട്ടിയില്‍ ആദ്യമായാണ് കെ.ടി.ഡി.സി പായസമേളയും ഓണസദ്യയും സംഘടിപ്പിക്കുന്നത്. കൊണ്ടോട്ടി ടാമറിന്റ് ഹോട്ടലിലും ടൗണിലെ ഫോര്‍ പി മാര്‍ട്ടില്‍ പ്രത്യേകം സജ്ജീകരിച്ച കെടിഡിസി യുടെ സ്റ്റാളിലും ഓഗസ്റ്റ് 30 മുതല്‍ സെപ്തംബര്‍ എട്ട് വരെ പായസം ലഭിക്കും. മേളയുടെ ഉദ്ഘാടനം ഇന്ന് (ഓഗസ്റ്റ് 30 രാവിലെ 11 ന് നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി.ടി ഫാത്തിമത്ത് സുഹറാബി കെ.ടി.ഡി.സി ഹോട്ടലില്‍ നിര്‍വഹിക്കും. സംസ്ഥാനത്തെ എല്ലാ കെ.ടി.ഡി.സി സ്ഥാപനങ്ങളിലും ഓണത്തോടനുബന്ധിച്ച് പായസമേളകള്‍ സംഘടിപ്പിക്കുന്നുണ്ട്. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് സംഘടിപ്പിക്കും. കൊണ്ടോട്ടിയിലെ ബുക്കിങ്ങിനും വിവരങ്ങള്‍ക്കും ഫോണ്‍: 9400008669, 9400008670.