കോട്ടയം: അരീപ്പറമ്പ് കേര നഴ്സറിയിൽ മുളപ്പിച്ചെടുത്ത തെങ്ങിൻതൈകളുമായി കേരഗ്രാമമൊരുക്കി മണർകാട് ഗ്രാമപഞ്ചായത്ത്. മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തിയാണു കഴിഞ്ഞവർഷം ആറാം വാർഡിലെ അരീപ്പറമ്പിൽ കേര നഴ്സറി ആരംഭിച്ചത്. അരീപ്പറമ്പ് സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിന്റെ 25 സെന്റ് സ്ഥലത്താണ് നഴ്സറി.
തൊഴിലുറപ്പു ദിനങ്ങളിലുൾപ്പെടുത്തിയാണ് നഴ്സറി നിർമാണവും പരിപാലനവും. 26 തൊഴിലുറപ്പ് തൊഴിലാളികളാണ് പ്രവർത്തികളിലേർപ്പെട്ടിരിക്കുന്നത്. കുറ്റ്യാടി വിഭാഗത്തിൽ പെട്ട വിത്തുതേങ്ങകളാണു മുളപ്പിക്കുന്നത്.

ഇതുവരെ ഇവിടെ 2580 തെങ്ങിൻതൈ വിതരണം ചെയ്തു. ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ ‘കൽപകം’ പദ്ധതിയിലുൾപ്പെടുത്തി സൗജന്യമായാണ് തൈകൾ വിതരണം ചെയ്യുന്നത്. ഒരു വാർഡിൽ 180 തൈകളാണ് നൽകുന്നത്. ഒൻപത് വാർഡുകളിലേക്കുള്ള വിതരണം പൂർത്തിയായതായി തൊഴിലുറപ്പു പദ്ധതി അസിസ്റ്റന്റ് എൻജിനീയർ ജ്യോതി മാത്യു പറഞ്ഞു.