സംസ്ഥാന സഹകരണ വകുപ്പ് കൺസ്യൂമർ ഫെഡിൻ്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന സഹകരണ ഓണ വിപണിയുടെ ജില്ലാതല ഉദ്ഘാടനം മതിലകം പാപ്പിനിവട്ടം സർവ്വീസ് സഹകരണ ബാങ്കിൽ നടന്നു. പൊക്ലായ് ബ്രാഞ്ച് പരിസരത്ത് നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മതിലകം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സീനത്ത് ബഷീർ അധ്യക്ഷയായി. ജില്ലാ സഹകരണ സംഘം ജോയിൻ്റ് രജിസ്ട്രാർ എം ശബരിദാസൻ ആദ്യവില്പന നടത്തി. കൺസ്യൂമർ ഫെഡ് റീജിയണൽ മാനേജർ ടി എസ് ബിജി പദ്ധതി വിശദീകരണം നടത്തി. ബാങ്ക് പ്രസിഡൻ്റ് ഇ കെ ബിജു, ജില്ലാ പഞ്ചായത്ത് സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ കെ എസ് ജയ, ബാങ്ക് സെക്രട്ടറി ടി ബി ജിനി, വൈസ് പ്രസിഡൻ്റ് ഗീത പ്രസാദ് എന്നിവർ സംസാരിച്ചു. സംസ്ഥാന സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കൺസ്യൂമർ ഫെഡിന്റെ നേതൃത്വത്തിൽ പ്രാഥമിക സഹകരണ സംഘങ്ങൾ വഴി സെപ്റ്റംബർ 7 വരെയാണ് സംസ്ഥാന വ്യാപകമായി വിപണി സംഘടിപ്പിച്ചിട്ടുള്ളത്. 13 ഭക്ഷ്യ ഇനങ്ങൾക്ക് സംസ്ഥാന സർക്കാർ സബ്സിഡി അനുവദിച്ചിട്ടുണ്ട്.