കുട്ടികള്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, കൗമാര പ്രായക്കാരായ പെണ്‍കുട്ടികള്‍ എന്നിവരിലെ പോഷകസമൃദ്ധി ലക്ഷ്യമിട്ടുളള പോഷന്‍ അഭിയാന്‍ പദ്ധതിയുടെ ഭാഗമായുളള ‘പോഷണ്‍ മാ’ മാസാചാരണത്തിന് ജില്ലയില്‍ തുടക്കമായി. സെപ്റ്റംബര്‍ 30 വരെ നീണ്ട് നില്‍ക്കുന്ന മാസാചരണത്തില്‍ വനിതാ ശിശു ക്ഷേമ വകുപ്പ്, ഐ.സി.ഡി.എസ്, നാഷണല്‍ ന്യൂട്രിഷന്‍ മിഷന്‍, സമ്പുഷ്ട കേരളം ആരോഗ്യ വകുപ്പ് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. മാസാചരണത്തിന്റെയും ഏകദിന സെമിനാറിന്റെയും ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി നിര്‍വഹിച്ചു. ജില്ലാ ആസൂത്രണ ഭവന്‍ എ.പി. ജെ ഹാളില്‍ നടന്ന ചടങ്ങില്‍ കല്‍പ്പറ്റ നഗരസഭ കൗണ്‍സിലിര്‍ ടി.മണി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ എ.ഡി.എം എന്‍.ഐ ഷാജു, ക്ഷീര വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഉഷാ ദേവി, ജില്ലാ വനിത ശിശു വികസന ഓഫീസര്‍ ടി. ഹഫ്‌സത്ത്, ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ കെ.സുനില്‍ കുമാര്‍, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ടി.യു സ്മിത, അസിസ്റ്റന്റ് പ്ലാനിംഗ് ഓഫീസിര്‍ പി.സുധീഷ്, ഐ.സി.ഡി.എസ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പോഷണ്‍ മാസാചരണത്തിന്റെ ഭാഗമായി വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും ആശാവര്‍ക്കര്‍മാര്‍ ക്കുമായി സംഘടിപ്പിച്ച ഏകദിന സെമിനാറില്‍ ഡെപ്യൂട്ടി ഡി.എം.ഒ ഡോ.സമീഹ സൈതലവി വിഷയാവതരണം നടത്തി. ഡോ.നീതു ഷാജി ആരോഗ്യ പോഷണവും പരമ്പരാഗത ഭക്ഷണശീലത്തിന്റെ ആവശ്യവും എന്ന വിഷയത്തില്‍ ക്ലാസ്സെടുത്തു.

പോഷണമാസാചരണത്തിന്റെ ഭാഗമായി ആരോഗ്യം,വിദ്യാഭ്യാസം,കൃഷി പട്ടികജാതി, പട്ടിക വര്‍ഗ്ഗ വികസന വകുപ്പുകളുടെ സഹകരണത്തോടെ വിവിധ പരിപാടികളാണ് ജില്ലയില്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് പോഷന്‍ ജന്‍ പഞ്ചായത്ത് പദ്ധതി നടപ്പാക്കും. ആശാവര്‍ക്കര്‍മാര്‍, അംഗന്‍വാടി ടീച്ചര്‍മാര്‍ എന്നിവര്‍ ഗ്രാമസഭകളില്‍ ബോധവത്കരണ ക്ലാസ്സുകള്‍ നല്‍കും. കുട്ടികള്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, കൗമാര പ്രായക്കാരായ പെണ്‍കുട്ടികള്‍ എന്നിവരിലെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനായി ആരോഗ്യ പരിശോധന, വിളര്‍ച്ച , സ്‌ക്രീനിംഗ് ക്യാമ്പുകള്‍ സംഘടിപ്പിക്കും. തനതു രുചികളിലൂടെ പോഷകാഹാരം ലഭ്യമാക്കുന്ന അമ്മാ കീ രസോതി, അംഗന്‍വാടികളിലും സബ്‌സെന്ററുകളിലും പോഷകാഹര ചെടികള്‍ നട്ടുപിടിപ്പിക്കുന്ന പോഷന്‍ വാടിക ,സ്‌കൂള്‍ കുട്ടികള്‍ക്കായി പാചക മത്സരങ്ങള്‍, പ്രദര്‍ശങ്ങള്‍, അനീമിയ കണ്ടെത്തു ന്നതിനുള്ള ക്യാമ്പുകള്‍, വളര്‍ച്ച നിരീക്ഷണ ക്യാമ്പ്, പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്കായി പ്രത്യേക ഇടപെടലുകള്‍, ജലസംരക്ഷണ ബോധവത്കരണ ക്വാമ്പ് തുടങ്ങി വിവിധ പരിപാടികള്‍ മാസാചരണത്തിന്റെ ഭാഗമായി നടക്കും.