അതിദാരിദ്ര നിര്‍മ്മാര്‍ജന ഉപപദ്ധതിയുടെ മൈക്രോപ്ലാന്‍ തയ്യാറാക്കുന്നതിന് ഉപ്പുതറ ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍, സി. ഡി. എസ്. അംഗങ്ങള്‍, പഞ്ചായത്ത്-വാര്‍ഡ്തല സമിതി അംഗങ്ങള്‍ എന്നിവര്‍ക്ക് ഏകദിന പരിശീലന ക്ലാസ് സംഘടിപ്പിച്ചു. ഉപ്പുതറ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിശീലന പരിപാടി കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് മനോജ് എം. ടി. ഉദ്ഘാടനം ചെയ്തു. ദാരിദ്ര്യ നിര്‍മ്മാര്‍ജന പദ്ധതി പ്രകാരം ത്രിതല പഞ്ചായത്തു തലത്തില്‍ അതിദരിദ്രരെ കണ്ടെത്തുന്നതിനുള്ള സര്‍വ്വേ നടപടികള്‍ പൂര്‍ത്തീകരിച്ചതിന്‍റെ അടുത്ത പടിയായാണ് ഉപപദ്ധതി മൈക്രോ പ്ലാന്‍ തയ്യാറാക്കുന്നത്. ഉപ്പുതറ ഗ്രാമപഞ്ചായത്തില്‍ 69 കുടുംബങ്ങളാണ് അതിദരിദ്രരുടെ ലിസ്റ്റില്‍ ഉള്ളത്. ഓരോ കുടുംബത്തിനും ഓരോ മൈക്രോപ്ലാന്‍ തയാറാക്കും. ഇതിന് ത്രിതല പഞ്ചായത്ത് പ്രതിനിധികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് കിലയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ക്കും, ഉദ്യോഗസ്ഥര്‍ക്കും കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കും പരിശീലനം നല്‍കുന്നത്. ഭക്ഷണം, പോഷകാഹാരം, ആരോഗ്യം, വിദ്യാഭ്യാസം, പാര്‍പ്പിടം, ചുറ്റുപാട്, വരുമാനം തുടങ്ങി വിവിധ മേഖലകളില്‍ അന്വേഷണം നടത്തി വിശദമായ മൈക്രോപ്ലാനാണ് തയാറാക്കുന്നത്. നാല് വര്‍ഷത്തിനുള്ളില്‍ അതിദരിദ്ര പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളവരെ മെച്ചപ്പെട്ട ജീവിത നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.

യോഗത്തില്‍ ഉപ്പുതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ. ഇ. ജെയിംസ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സിനി ജോസഫ്, സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്മാര്‍, പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കില റിസോഴ്‌സ് പേഴ്‌സണ്‍മാരായ കെ. പുരുഷോത്തമന്‍, സുജന്തി ശശിധരന്‍, ബ്ലോക്ക് കോ-ഓർഡിനേറ്റര്‍ അഡ്വ പി. സി. തോമസ് എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.