കോഴിക്കോട് ജില്ലയിൽ ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് ഇന്ന്‌ (സെപ്റ്റംബർ 02 ) മുതൽ നഗരം ദീപാലംകൃതമാവും. കോര്‍പ്പറേഷന്‍ പരിധിയിലെ സ്ഥാപനങ്ങളും സര്‍ക്കാര്‍-പൊതുമേഖലാ-സ്വകാര്യ സ്ഥാപനങ്ങളും, റസിഡന്റ്‌സ് അസോസിയേഷനുകളും വിനോദസഞ്ചാര കേന്ദ്രങ്ങളും ദീപങ്ങൾ കൊണ്ട് അലങ്കരിക്കും.

നാടകോത്സവം, സാഹിത്യോത്സവം, നാടൻ കലകൾ, ശാസ്ത്രീയ നൃത്തം, ചുമർ ചിത്രമത്സരം, പൂക്കളമത്സരം തുടങ്ങിയ കലാമത്സരങ്ങളും കളരിപ്പയറ്റ്, അമ്പെയ്ത്ത്, വടം വലി, കസേരകളി, കരാട്ടേ തുടങ്ങി നിരവധി കായിക മത്സരങ്ങളും ഓണനാളുകളിൽ കാണികൾക്കായി ഒരുക്കും. കോഴിക്കോട് ബീച്ച്, ടൗൺ ഹാൾ, മാനാഞ്ചിറ സ്ക്വയർ, ഭട്ട് റോഡ് , കുറ്റിച്ചിറ, ബേപ്പൂർ, തളി തുടങ്ങി നഗരത്തിലെ പ്രധാന വേദികളിലായാണ് മത്സരങ്ങൾ നടക്കുന്നത്.

സെപ്റ്റംബർ നാലിനും അഞ്ചിനും ടൗൺ ഹാളിൽ വച്ച് പ്രശസ്ത സാഹിത്യകാരൻമാർ പങ്കെടുക്കുന്ന സാഹിത്യോത്സവം നടക്കും. സെപ്റ്റംബര്‍ 5 ന് മാനാഞ്ചിറ ബി ഇ എം ഹയർ സെക്കന്ററി സ്കൂളിൽ കോളേജ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന പൂക്കളമത്സരം ഓണാഘോഷങ്ങൾക്ക് മാറ്റുകൂട്ടും. സെപ്റ്റംബര്‍ 9,10,11 തീയതികളില്‍ വിവിധ നാടക സംഘങ്ങൾ ഒരുക്കുന്ന നാടകങ്ങള്‍ കോഴിക്കോട് ടൗണ്‍ ഹാളില്‍ അരങ്ങേറും.

ഓണാഘോഷത്തിന്റെ ഭാഗമായി നഗരത്തിൽ നാടൻ കലകളും അവതരിപ്പിക്കും. സെപ്റ്റംബർ 9,10,11 തിയ്യതികളിൽ നഗരത്തിലെ വിവിധ കേന്ദ്രങ്ങളിലാണ് നാടൻ കലകൾ അവതരിപ്പിക്കുക. കലാ-കായിക മാമാങ്കത്തിൽ നിരവധി കാലകാരന്മാർ മാറ്റുരയ്ക്കും. രാഷ്‌ട്രീയ-കലാ- സാംസ്കാരിക -സാഹിത്യ -ചലച്ചിത്ര രംഗത്തെ പ്രമുഖർ ആഘോഷങ്ങളിൽ സാന്നിധ്യം അറിയിക്കും. വിനോദസഞ്ചാര വകുപ്പും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും സംയുക്തമായി നടത്തുന്ന ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 11 ന് സമാപിക്കും.