പുന്നമടയിലെ പോരാട്ടദിനത്തിനായി കാത്തിരിക്കുന്ന വള്ളംകളി പ്രേമികള്‍ നെഹ്‌റു ട്രോഫിയുടെ മാതൃകയും വള്ളംകളിയുടെ കാമറക്കാഴ്ച്ചകളും ഒന്നിച്ച് സ്വന്തം നാട്ടിലെത്തിയ ദിനം ആഘോഷമാക്കി.

നെഹ്‌റു ട്രോഫി വള്ളംകളിയുടെ പ്രചാരണത്തിനായി എന്‍.ടി.ബി.ആര്‍ സൊസൈറ്റിയും പബ്ലിസിറ്റി കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ട്രോഫി ടൂറിന് എല്ലാ കേന്ദ്രങ്ങളിലും ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്.

വള്ളംകളി ക്ലബുകളും സംഘടനകളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമൊക്കെ പ്രചാരണ സംഘത്തെ വരവേറ്റു. വയോജനങ്ങളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ നാടന്‍ പാട്ടു സംഘത്തിനൊപ്പം പാട്ടു പാടിയും ചുവടുവച്ചും ട്രോഫിയില്‍ പുഷ്പവൃഷ്ടി നടത്തിയുമൊക്കെ വള്ളംകളി ആവേശം പങ്കുവച്ചു.

രാവിലെ ആലപ്പുഴ റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി ട്രോഫി ടൂര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. പ്രത്യേകം സജ്ജീകരിച്ച വാഹനത്തിലാണ് ട്രോഫി പ്രദര്‍ശിപ്പിച്ചത്. ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ മൊബൈല്‍ എക്‌സിബിഷന്‍ യൂണിറ്റ് പ്രത്യേകമായി ബ്രാന്‍ഡ് ചെയ്താണ് മൊബൈല്‍ ഫോട്ടോ എക്ബിഷന്‍ ഒരുക്കിയത്.
വള്ളംകളിയുടെ ചരിത്ര നിമിഷങ്ങളുടെ ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്.

ഫ്‌ലാഗ് ഓഫ് ചടങ്ങില്‍ എന്‍.ടി.ബി.ആര്‍. സൊസൈറ്റി സെക്രട്ടറി സബ് കളക്ടര്‍ സൂരജ് ഷാജി, പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനറായ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ജസ്റ്റിന്‍ ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.

പാതിരപ്പള്ളി, കലവൂര്‍, എസ്.എന്‍. കോളേജ്, കണിച്ചുകുളങ്ങര, സെന്റ് മൈക്കിള്‍സ് കോളജ്, ചേര്‍ത്തല, തണ്ണീര്‍മുക്കം ബണ്ട്, പുത്തനങ്ങാടി, മുഹമ്മ ജംഗ്ഷന്‍, കാവുങ്കല്‍, മണ്ണഞ്ചേരി, കോമളപുരം, പുന്നമട ജെട്ടി, ഫിനിഷിംഗ് പോയിന്റ് തുടങ്ങി കേന്ദ്രങ്ങളില്‍ പര്യടനം നടത്തിയ ട്രോഫി ടൂര്‍ ഇന്നലെ സമാപിച്ചു.

ഇന്ന് വിവിധ മേഖലകളില്‍ പര്യടനം നടത്തുന്ന ഫോട്ടോ പ്രദര്‍ശനം വൈകുന്നേരം നാലിന് ആലപ്പുഴ ബീച്ചില്‍ സമാപിക്കും. തുടര്‍ന്ന് ബീച്ചില്‍ തൃശൂര്‍ മുണ്ടത്തിക്കോട് രാഗദീപം അവതരിപ്പിക്കുന്ന മേജര്‍ സെറ്റ് ബാന്‍ഡ് മേളം നടക്കും.