തലപ്പുഴ: തവിഞ്ഞാല്‍ ഗ്രാമപ്പഞ്ചായത്തിലെ ഇടിക്കര ശിവഗിരിക്കുന്നില്‍ മണ്ണിടിച്ചില്‍. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് വന്‍ ശബ്ദത്തോടെ മണ്ണിടിച്ചിലുണ്ടായത്. ശബ്ദം കേട്ട് സമീപവാസികള്‍ വീടുകളില്‍ നിന്നും ഇറങ്ങിയോടി. നൂറ് മീറ്റര്‍ ഉയരത്തില്‍ നിന്നും രണ്ടേക്കറിലധികം സ്ഥലത്തെ മണ്ണ് ഇടിഞ്ഞ് വീണു. ഒരു കിലോമീറ്റര്‍ ദൂരത്തില്‍ മണ്ണ് വ്യാപിച്ചു. പ്രദേശത്തെ ഏക്കര്‍ കണക്കിന് നെല്‍വയലുകള്‍ മണ്ണിനടിയിലായി. തേയില, റബ്ബര്‍ എന്നിവ കൃഷി ചെയ്ത കുന്നിലെ മണ്ണാണ് ഇടിഞ്ഞത്. തെക്കേക്കര ബാലന്‍, മോഹനന്‍, പ്രകാശന്‍, മനോജ് എന്നിവരുടെ ഉടമസ്ഥതയിലാണ് മണ്ണിടിഞ്ഞ സ്ഥലം. തിണ്ടുമ്മലെ കാര്‍മല്‍ പള്ളിക്ക് സമീപത്തെ കുന്നില്‍ ഭൂമിക്ക് ചെറിയ വിള്ളല്‍ രൂപപ്പെട്ടിട്ടുണ്ട്. സമീപത്തെ അറുപതോളം കുടുംബങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. തവിഞ്ഞാല്‍ വില്ലേജ് ഓഫീസര്‍ എസ്. ദിലീപ് കുമാറിന്റെ നേതൃത്വത്തില്‍ ഇവര്‍ക്ക് ഇടിക്കര കമ്യൂണിറ്റി ഹാള്‍, അമ്പലക്കൊല്ലി വിദ്യാനികേതന്‍ സ്‌കൂള്‍ എന്നിവിടങ്ങളില്‍ താമസ സൗകര്യമൊരുക്കിയിട്ടുണ്ട്.