വെള്ളപ്പൊക്കത്തില്‍ നഷ്ടപ്പെട്ട വിവിധ സര്‍ട്ടിഫിക്കറ്റുകളും ആധാരം അടക്കമുള്ള വിവിധ രേഖകളും സൗജന്യമായി നല്‍കുന്നതിന് സര്‍ക്കാര്‍ സംവിധാനം ഒരുക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ് പറഞ്ഞു. ഇതിനായി പ്രത്യേക അദാലത്തുകള്‍ സംഘടിപ്പിക്കും. തിരുവല്ല താലൂക്കിലെ വിവിധ ക്യാമ്പുകള്‍ സന്ദര്‍ശനം നടത്തവേ ജനങ്ങള്‍ ഉന്നയിച്ച പരാതിയിലായിരുന്നു മന്ത്രിയുടെ മറുപടി.
കേരളം കണ്ടിട്ടില്ലാത്ത സമാനതകളില്ലാത്ത ദുരന്തമാണ് ഉണ്ടായിട്ടുള്ളത്. എന്നാല്‍, ജനങ്ങള്‍ ഒറ്റക്കെട്ടായി രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടതു കൊണ്ടാണ് വലിയ ആളപായം ഉണ്ടായില്ല. സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ധാരാളം സഹായങ്ങള്‍ ലഭിക്കുന്നുണ്ട്. ഇത് മനുഷ്യ നന്മയുടെ പ്രത്യക്ഷ ഉദാഹരണമാണെന്നും മന്ത്രി പറഞ്ഞു. പത്തനംതിട്ടയില്‍ സ്ഥിതിഗതികള്‍ ഏറെക്കുറെ നിയന്ത്രണ വിധേയമായിട്ടുണ്ട്. എന്നാല്‍, ഇനിയും ഒറ്റപ്പെട്ടു കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. തിങ്കളാഴ്ചയോടെ രക്ഷാപ്രവര്‍ത്തനം പൂര്‍ണമായും തീരുമെന്നാണ് കരുതുന്നത്. എന്‍ ഡി ആര്‍ എഫിന്റെയും ആര്‍മിയുടെയും വ്യോമസേനയുടെയും മത്സ്യ തൊഴിലാളികളുടെയും സഹായം നമുക്ക് ലഭിച്ചിരുന്നു. ക്യാമ്പുകളിലെ കുടിവെള്ളം, ഭക്ഷണം, വസ്ത്രം എന്നിവയ്ക്ക് സര്‍ക്കാരും വിവിധ സന്നദ്ധ സംഘടനകളും സഹായം എത്തിക്കുന്നുണ്ട്.
ക്യാമ്പുകളില്‍ കഴിയുന്നവരുടെ സൗകര്യങ്ങള്‍ കൃത്യമായി വിലയിരുത്തുകയും കുറവുകള്‍ നികത്തുകയും ചെയ്യുന്നുണ്ട്. ക്യാമ്പുകളില്‍ ആരും ഇതുവരെ കാര്യമായ പരാതികള്‍ ഉന്നയിച്ചിട്ടില്ല.  ഇത് കൂട്ടായ്മയുടെ വിജയമാണെന്നും മന്ത്രി പറഞ്ഞു.