വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ക്യാമ്പിലുള്ളവര്‍ക്കും പ്രദേശവാസികള്‍ക്കും പകര്‍ച്ച വ്യാധികള്‍ ഉണ്ടാകാതിരിക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ പറഞ്ഞു. തിരുവല്ല താലൂക്ക് ആശുപത്രിയില്‍ നടന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. വെള്ളക്കെട്ടിനെ തുടര്‍ന്നുണ്ടായ ചെളിയും മാലിന്യങ്ങളും നീക്കം ചെയ്യാന്‍ വലിയ പ്രയത്‌നം ആവശ്യമാണ്. ഇതിന് കൂട്ടായ പരിശ്രമം ഉണ്ടാകണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും. ആരോഗ്യ വകുപ്പും സംയുക്തമായി മാലിന്യങ്ങള്‍ നീക്കാന്‍ മുന്നിട്ടിറങ്ങണം.
ക്ലോറിനേഷനും മറ്റുമുള്ള എല്ലാ സാധനങ്ങളും ആരോഗ്യ വകുപ്പിന്റെ കൈവശമുണ്ട്. അധികമായവ വാങ്ങാനും നടപടി ഉണ്ടാവും. വെള്ളത്തിലിറങ്ങുന്ന ശുചീകരണ പ്രവര്‍ത്തകര്‍ക്ക് എലിപ്പനിപോലുള്ള രോഗങ്ങള്‍ വരാതിരിക്കാന്‍ പ്രതിരോധ മരുന്നുകള്‍ ലഭ്യമാക്കിയിട്ടുണ്ട്.
ക്യാമ്പിലെ അന്തേവാസികള്‍ക്കുള്ള മരുന്നുകളും ആവശ്യത്തിന് ഉണ്ട്. കൂടുതല്‍ ആവശ്യമുള്ളവ അറിയിച്ചാല്‍ എത്തിക്കും. ബാംഗളൂര്‍ അടക്കമുള്ള സ്ഥലങ്ങളില്‍ നിന്നുപോലും ഡോക്ടര്‍മാരും പാരാമെഡിക്കല്‍ ജീവനക്കാരും എത്തുമെന്ന് അറിയിപ്പ് ലഭിച്ചിട്ടുണ്ട്. ആരോഗ്യരംഗത്ത് ഊര്‍ജിതമായ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്നും ജനങ്ങളുടെ പൂര്‍ണമായ സഹകരണം ഉണ്ടാകണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു. യോഗത്തില്‍ ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ്, ആര്‍ ഡി ഒ ടി.കെ.വിനീത്, ഡി എം ഒ ഡോ.എ.എല്‍.ഷീജ, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എബി സുഷന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.