തന്റെ പ്രിയ ഭർത്താവ് നാഗരാജിന്റെ ഓർമ്മ പേറി ചിത്രാദേവി വനം വകുപ്പ് മന്ത്രിയുടെ കാൽതൊട്ട് വന്ദിച്ച് നിയമന ഉത്തരവ് കൈപ്പറ്റി. 2018 ഡിസംബർ 14 ചിത്രാദേവിയുടെ ജീവിതത്തിലെ ഇരുണ്ട ദിനമായിരുന്നു. മൂന്നേമുക്കാൽ വർഷം മുൻപാണ് ചിന്നാർ വന്യജീവി സങ്കേതത്തിലെ വനം വകുപ്പ് വാച്ചർ നാഗരാജ് ജോലിക്കിടയിൽ കാട്ടന അക്രമണത്തിൽ മരണമടഞ്ഞത്. കുടുംബത്തിന്റെ അത്താണിയായ നാഗരാജിന്റെ മരണം ചിത്രാദേവിയുടെയും മക്കളുടെയും ജീവിതം ഇരുട്ടിലാക്കി. താത്കാലിക ആശ്വാസമായി വനം വകുപ്പ് വാച്ചറായി ദിവസ വേതനാടിസ്ഥാനത്തിൽ ജോലി ലഭിച്ചു എങ്കിലും ജീവിത പ്രതിസന്ധിക്ക് ശാശ്വത പരിഹാരമായില്ല. പുതുപ്രതീക്ഷയോടെയാണ് ചിത്രാദേവി സ്ഥിര നിയമന ഉത്തരവ് കൈപ്പറ്റിയത്. കോവിൽക്കടവ് സ്വദേശിനി ചിത്രാദേവിക്ക് മക്കളായ ശ്രീറാമിനയും ശ്രീനാഥിനെയും മികച്ച രീതിയിൽ പഠിപ്പിക്കണമെന്നാണ് ആഗ്രഹം. എട്ടാം ക്ലാസ് വിദ്യാർത്ഥി ശ്രീറാം ചിറ്റൂർ ഇവിഎച്ച്എസിലും, അഞ്ചാം ക്ലാസ് വിദ്യാർഥി ശ്രീനാഥ് കോവിൽക്കടവ് ജയ മാതാ സ്കൂളിലുമാണ് പഠിക്കുന്നത്. ഭർത്താവിന്റെ വേർപാടിന്റെ വേദന ബാക്കിയാകുമ്പോഴും നീണ്ട കാത്തിരിപ്പിനൊടുവിൽ സ്ഥിരനിയമനം ലഭിച്ചതിലെ സന്തോഷം ചിത്രാദേവിയുടെ പുഞ്ചിരിയിൽ സർക്കാർ കരുതൽ പ്രതീക്ഷയേകുകയായിരുന്നു.
