ജീവനക്കാർക്ക് നിയമത്തോടുള്ള പ്രതിബദ്ധത പൊതുജനങ്ങളോടും ഉണ്ടാവണമെന്നും മന്ത്രി

വനം -വന്യജീവി വകുപ്പിന്റെ ഹൈറേഞ്ച് സര്‍ക്കിള്‍ ഫയല്‍ തീര്‍പ്പാക്കല്‍ അദാലത്ത് തൊടുപുഴ മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വനം-വന്യജീവി സംരക്ഷണം ആത്യന്തികമായി മനുഷ്യരാശിയുടെ നിലനിൽപ്പിനും വരും തലമുറക്കും വേണ്ടിയാണ്. വന്യജീവികളുടെ എണ്ണം വർധിക്കുന്നതും വനം കൊള്ള കുറയുന്നതും ഉദ്യോഗസ്ഥർ ജോലി കൃത്യമായി നിർവഹിക്കുന്നതു കൊണ്ടാണ്. വനം വകുപ്പിന്റെ ജനവിരുദ്ധ മുഖം മാറ്റി ജന സൗഹൃദമാക്കി മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് അദാലത്തുകൾ സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പൊതു ജനങ്ങളോട് ഉദ്യോഗസ്ഥർ സൗഹാർദ്ദ പരമായി പെരുമാറണമെന്നും നിയമത്തോട് പ്രതിബദ്ധത കാണിക്കുന്നതിനോടൊപ്പം പൊതുജനങ്ങളോടും പ്രതിബദ്ധത ഉണ്ടാവണമെന്നും മന്ത്രി പറഞ്ഞു.

ഡീൻ കുര്യാക്കോസ് എം.പി മുഖ്യാതിഥിയായിരുന്നു. സാധാരണക്കാരായ ജനങ്ങളുടെ പ്രശ്നം നിയമ പരിധിയിൽ നിന്ന് പരിഹരിക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് അനുകൂല പരിശ്രമം ഉണ്ടാകണം. വന്യജീവി ആക്രമണത്തിന് ഇരയാകുന്നവർക്ക് സമയബന്ധിതമായി നഷ്ടപരിഹാരം കൊടുത്ത് തീർക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയ്യാറകണമെന്നും മുഖ്യപ്രഭാഷണത്തിൽ എം.പി ആവശ്യപ്പെട്ടു.
സംസ്ഥാന വനം-വന്യജീവി വകുപ്പിന്റെ ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞത്തോടനുബന്ധിച്ചാണ് സര്‍ക്കിള്‍ തല അദാലത്തുകള്‍ നടത്തുന്നത്. പൊതുജനങ്ങളുമായി ബന്ധപ്പെട്ട നിലവിലുള്ള ഫയലുകളില്‍ പരമാവധി എണ്ണത്തില്‍ തീര്‍പ്പ് കല്‍പ്പിക്കുക എന്നതാണ് അദാലത്തിന്റെ പ്രധാന ലക്ഷ്യം.
റേഞ്ച്, ഡിവിഷന്‍, സര്‍ക്കിള്‍ തലങ്ങളില്‍ ഫയല്‍ പരിശോധിച്ച് അര്‍ഹത നിശ്ചയിച്ച് അത്തരം ഫയലുകള്‍ അദാലത്തില്‍ വച്ച് അന്തിമ തീര്‍പ്പ് കല്‍പ്പിക്കുകയും അര്‍ഹരായവര്‍ക്കുള്ള ആനുകൂല്യങ്ങള്‍ നല്‍കുകയും ചെയ്തു.

സംസ്ഥാനത്തെ എല്ലാ വകുപ്പുകളും ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയജ്ഞ പരിപാടി സംഘടിപ്പിക്കാന്‍ ജൂണ്‍ രണ്ടിന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് പൊതുജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പ്രത്യേകം പരിശോധിച്ച് തീര്‍പ്പാക്കാന്‍ വനം മന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ തീരുമാനിച്ചു. ഇത്തരത്തിലെ ആദ്യ അദാലത്ത് ആഗസ്റ്റ് 11-ന് കോഴിക്കോട് നടത്തി. ഹൈറേഞ്ച് സര്‍ക്കിള്‍, വന്യജീവി സര്‍ക്കിള്‍ കോട്ടയം എന്നിവയുടെ പരിധിയില്‍ ഉള്‍പ്പെടുന്ന ഓഫീസുകളെ ഉള്‍ക്കൊള്ളിച്ചാണ് തൊടുപുഴയില്‍ അദാലത്ത് നടത്തിയത്.
സെപ്തംബര്‍ 30 വരെയാണ് ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയജ്ഞ പരിപാടി നിശ്ചയിച്ചിട്ടുള്ളത്.

തൊടുപുഴ നഗരസഭാ ചെയർമാൻ സനീഷ് ജോർജ്ജ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡോ.പി. പുകഴേന്തി ആമുഖ പ്രഭാഷണം നടത്തി. കോട്ടയം റേഞ്ച് സർക്കിൾ ഫോറസ്റ്റ് ചീഫ് കൺസർവേറ്റർ അരുൺ ആർ. എസ്. റിപ്പോർട്ട് അവതരിപ്പിച്ചു. ടൈഗർ പ്രൊജക്ട് ചീഫ് കൺസർവേറ്റർ പി.പി പ്രമോദ് സ്വാഗതം പറഞ്ഞു. നഗരസഭ കൗൺസിലർ അഡ്വ. ജോസഫ് ജോൺ, കോട്ടയം ഫോറസ്റ്റ് കൺസർവേറ്റർ എൻ. നീതുലക്ഷ്മി, കോതമംഗലം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ എം.വി.ജി കണ്ണൻ എന്നിവർ സംബന്ധിച്ചു.