നവരാത്രി മഹോത്സവത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി തക്കല പത്മനാഭപുരം കൊട്ടാരത്തിൽ മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. ഈ വർഷത്തെ നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി ഒരുക്കിയ സൗകര്യങ്ങളും സുരക്ഷ ക്രമീകരണങ്ങളും യോഗം വിലയിരുത്തി.

പത്മനാഭപുരം കൊട്ടാരത്തിൽ നടന്നു കൊണ്ടിരിക്കുന്ന സംരക്ഷണ പ്രവൃത്തികളുടെ പുരോഗതി യോഗം ചർച്ചചെയ്തു. സംരക്ഷണ പ്രവൃത്തികൾ എത്രയും വേഗം പൂർത്തീകരിച്ച് ഉദ്ഘാടനത്തിന് സജ്ജമാക്കുവാൻ മന്ത്രി നിർദ്ദേശം നൽകി.

സംരക്ഷിത സ്മാരകത്തിന്റെ അറ്റകുറ്റപ്പണി ആരംഭിക്കുന്നതിനായി ചെന്നൈ ഐ.ഐ.റ്റിയുടെയോ വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെയോ സാങ്കേതിക ഉപദേശം തേടുന്നതിനും അതനുസരിച്ച് പ്രവൃത്തികൾ ആവിഷ്‌ക്കരിക്കുന്നതിനും യോഗം തീരുമാനിച്ചു. പാറശ്ശാല എം.എൽ.എ സി.കെ ഹരീന്ദ്രൻ, പുരാവസ്തു ഡയറക്ടർ എച്ച്.ദിനേഷൻ, മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പി.റ്റി ജോയി, അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.പി അൻവർ സാദത്ത്, കൊട്ടാരം സുപ്രണ്ട് അജിത്കുമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.