ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഉപഭോക്തൃ ബോധവത്കരണ കലാ ജാഥ കോഴിക്കോട് കലക്ടറേറ്റില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എയും ജില്ലാ കലക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഢിയും ചേര്‍ന്ന് ഫ്ലാഗ് ഓഫ് ചെയ്തു.

ഉപഭോക്താക്കളുടെ അവകാശങ്ങളെ കുറിച്ച് ജനങ്ങള്‍ക്ക് അവബോധം ഉണ്ടാകണമെന്നും പരാതിപ്പെടാന്‍ ജനങ്ങള്‍ തയാറാകണമെന്നും എം.എല്‍.എ പറഞ്ഞു. എല്ലാ ജനങ്ങളും ഉപഭോക്തൃ നിയമങ്ങളെ കുറിച്ച് അറിഞ്ഞിരിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് എം.എല്‍.എ സംസാരിച്ചു. കലാജാഥയോടനുബന്ധിച്ച് കലക്ടറേറ്റ് അങ്കണത്തില്‍ ഓട്ടന്‍തുള്ളല്‍ അവതരിപ്പിച്ചു.

ഉപഭോക്തൃ സംരക്ഷണ നിയമം 2019, ഹരിത ഉപഭോഗം എന്നിവയെ കുറിച്ച് ജനങ്ങളില്‍ ബോധവല്‍ക്കരണം നടത്തുക എന്നതാണ് കലാ ജാഥയുടെ ലക്ഷ്യം.സിവില്‍ സപ്ലൈസ് വകുപ്പിന്റെ വജ്ര ജൂബിലി ആഘോഷത്തോടനുബന്ധിച്ച് നടത്തുന്ന കലാജാഥ ഓഗസ്റ്റ് 22 ന് തിരുവനന്തപുരം ജില്ലയിലാണ് ആരംഭിച്ചത്.

ജില്ലയില്‍ കൊയിലാണ്ടി, വടകര, കോഴിക്കോട് മൊഫ്യൂസില്‍ ബസ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ കലാജാഥ സംഘടിപ്പിച്ചു. കലാജാഥയുടെ ഭാഗമായി ഓട്ടന്‍തുള്ളല്‍, തെരുവ് നാടകം, ചാക്യാര്‍കൂത്ത് എന്നീ കലാരൂപങ്ങള്‍ അവതരിപ്പിക്കുകയും ലഘുലേഖകള്‍ വിതരണം ചെയ്യുകയും ചെയ്തു.