സ്വര്‍ണ്ണവര്‍ണ്ണനിറവും രുചിയും കൊണ്ട് വിപണി കീഴടക്കുന്ന ചെങ്ങാലിക്കോടന് പ്രത്യേക പരിഗണന നൽകി വരവൂർ ഗ്രാമ പഞ്ചായത്തിന്റെ ഓണച്ചന്ത. ചെങ്ങാലിക്കോടൻ സ്പെഷ്യൽ ഓണച്ചന്തയാണ് പഞ്ചായത്തും കുടുംബശ്രീ സിഡിഎസും സംയുക്തമായി സംഘടിപ്പിച്ചിരിക്കുന്നത്. സെപ്റ്റംബർ 6 വരെ പഞ്ചായത്ത് സ്റ്റേജിനോട് ചേർന്നാണ് വിപണനമേള.

വരവൂരിലെ സൂര്യ കുടുംബശ്രീയുടെ സുമ ജെഎൽജി ഗ്രൂപ്പിലെ നാല് സംരംഭകരാണ് ചന്തയിലേക്ക് ചെങ്ങാലിക്കോടൻ എത്തിക്കുന്നത്. രണ്ട് ഏക്കർ ഭൂമിയിൽ 2000 നേന്ത്രവാഴകളാണ് കൃഷി ചെയ്തത്. സൈനബ, ഫാത്തിമ, നബീസ, ഗീത എന്നീ സംരംഭകരുടെ ഒരു വർഷത്തെ കഠിനാധ്വാനമാണ് ചന്തയിൽ വിൽപ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്. കിലോയ്ക്ക് 75 രൂപയാണ് ചെങ്ങാലിക്കോടൻ നേന്ത്രക്കായയ്ക്ക് (പച്ച ) ഈടാക്കുന്നത്. പഴുത്ത കായ കിലോയ്ക്ക് 80 രൂപ. ചെങ്ങാലിക്കോടൻ പായസവും ഇവിടെ ലഭ്യമാണ്. ഒരു ഗ്ലാസ് പായസത്തിന് 20 രൂപ.

വിപണനമേളയിൽ കുടുംബശ്രീ സംരംഭകരുടെ ഉൽപ്പന്നങ്ങൾക്ക് പുറമെ ഭക്ഷ്യവിഭവങ്ങളുടെ സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്. മുളയരി പായസം, കുമ്പളങ്ങ പായസം എന്നിവയും ചന്തയിൽ ലഭ്യമാണ്. ജാം, കേക്ക്, ബിരിയാണി, മുള ഉൽപ്പന്നങ്ങൾ, പനം പൊടി എന്നിവയാണ് മേളയിലെ ആകർഷകമായ മറ്റ് വിഭവങ്ങൾ. കൂടാതെ ലൈവ് ചിപ്സ്, കുടുംബശ്രീ, ജെ എൽ ജി ഗ്രൂപ്പുകളിൽ നിന്നുള്ള വിവിധ ഉൽപ്പന്നങ്ങൾ, വിവിധ ഇനം പച്ചക്കറികൾ എന്നിവയും ചന്തയിൽ ലഭിക്കും. പഞ്ചായത്തിലെ എല്ലാ ജെഎൽജി ഗ്രൂപ്പുകളും വിപണനമേളയുമായി സഹകരിക്കുന്നുണ്ട്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി സുനിതയുടെ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വി നഫീസ ഓണച്ചന്ത ഉദ്ഘാടനം ചെയ്തു.