ജനകീയ ഹോട്ടല്‍ മാതൃകയില്‍ പേരാമ്പ്ര മണ്ഡലത്തില്‍ സിവില്‍ സപ്ലൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ ‘സുഭിക്ഷ’ ഹോട്ടല്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി ആരംഭിക്കുന്ന സുഭിക്ഷ ഹോട്ടലിന്റെ ഉദ്ഘാടനം നാളെ (സെപ്തംബര്‍ 3) പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി.ആര്‍.അനില്‍ ഓണ്‍ലൈനായി നിര്‍വ്വഹിക്കും. ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. കെ.മുരളീധരന്‍ എം.പി മുഖ്യാതിഥിയാകും.

പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ കല്ലോടാണ് ജില്ലയിലെ മൂന്നാമത്തെ സുഭിക്ഷ ഹോട്ടല്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. പേരാമ്പ്ര സുഭിക്ഷ കോക്കനറ്റ്‌സ് പ്രൊഡ്യൂസേര്‍സ് കമ്പനി ലിമിറ്റഡിന്റെ സഹകരണത്തോടെയായിരിക്കും ഹോട്ടലിന്റെ പ്രവര്‍ത്തനം.

പട്ടിണി പൂര്‍ണമായും ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ ആവശ്യക്കാര്‍ക്ക് ഒരു നേരത്തെ ഭക്ഷണം സൗജന്യനിരക്കില്‍ നല്‍കുകയെന്ന ഉദ്ദേശത്തോടുകൂടി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് വിശപ്പ് രഹിതകേരളം സുഭിക്ഷ ഹോട്ടല്‍ പദ്ധതി. ഹോട്ടലില്‍ നിന്ന് 20 രൂപ നിരക്കില്‍ പൊതുജനങ്ങള്‍ക്ക് ഉച്ചയൂണ്‍ ലഭ്യമാകും. മറ്റ് സ്പെഷ്യല്‍ വിഭവങ്ങളും വിലക്കുറവില്‍ ലഭിക്കും. കിടപ്പ് രോഗികള്‍ക്കുള്‍പ്പെടെ ഉച്ചഭക്ഷണം എത്തിക്കുന്നതും പദ്ധതിയുടെ ഭാഗമാണ്. ഓരോ ഊണിനും നടത്തിപ്പുകാര്‍ക്ക് അഞ്ച് രൂപ സബ്‌സിഡിയായി സര്‍ക്കാര്‍ നല്‍കും.

വിശപ്പ് രഹിതകേരളം പദ്ധതിയുടെ ഭാഗമായി ഓരോ നിയോജകമണ്ഡലത്തിലും എം.എല്‍.എ.മാരുടെ സഹകരണത്തോടെയാണ് സുഭിക്ഷ ഹോട്ടലുകള്‍ തുടങ്ങുന്നത്. നിലവില്‍ കുന്ദമംഗലം നിയോജക മണ്ഡലത്തിലെ ചാത്തമംഗലം പഞ്ചായത്തിലും കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ ചെങ്ങോട്ടുകാവിലുമാണ് സുഭിക്ഷ ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുന്നത്. ജില്ലയിലെ മറ്റു മണ്ഡലങ്ങളില്‍ സുഭിക്ഷ ഹോട്ടലിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.