ഓണവിപണി കീഴടക്കാൻ വൈവിധ്യമാർന്ന തനത് ഉത്പന്നങ്ങളുമായി കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ജില്ലാതല ഓണം വിപണന മേളയ്ക്ക് കലക്ട്രേറ്റ് അങ്കണത്തിൽ തുടക്കം. ‘ആഘോഷിക്കാം ഈ ഓണക്കാലം തനിമയും ഗുണമേന്മയുമുള്ള കുടുംബശ്രീ ഉത്പ്പന്നങ്ങളോടൊപ്പം’ എന്ന ആപ്തവാക്യത്തിലൂന്നിയാണ് മേള സംഘടിപ്പിക്കുന്നത്. ഡിസ്ട്രിക്ട് ഡെവലപ്പ്മെന്റ് കമ്മീഷണർ ശിഖ സുരേന്ദ്രൻ മേളയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
കുടുംബ ഉത്പന്നങ്ങളും സംഘകൃഷി ഗ്രൂപ്പുകൾ ഉത്പാദിപ്പിക്കുന്ന നാടൻ പച്ചക്കറികളും മൂല്യവർദ്ധിത ഉത്പന്നങ്ങളും ഉപഭോക്താക്കളുടെ കൈകളിൽ എത്തിക്കു ന്നതിനാണ് മേളയിലൂടെ ലക്ഷ്യമിടുന്നത്. കുടുംബശ്രീ സംരംഭകർ ഉത്പാദിപ്പിക്കുന്ന വിവിധതരം അച്ചാറുകൾ, ചിപ്സുകൾ, നാടൻ പച്ചക്കറികൾ, കായക്കുലകൾ, ശർക്കരവരട്ടി, വിവിധതരം കൊണ്ടാട്ടങ്ങൾ, പപ്പടങ്ങൾ, പുളിഞ്ചി, വിവിധ പലഹാരങ്ങൾ, ധാന്യപൊടികൾ, വെളിച്ചെണ്ണ, ജൂട്ട് തുണി ബാഗുകൾ, ഫാൻസി ആഭരണങ്ങൾ, സോപ്പ്, ടോയ്ലറ്ററി ഉൽപ്പന്നങ്ങൾ, മിൽക്ക് ഷാമ്പൂ, കുത്താമ്പുള്ളി തുണിത്തരങ്ങൾ, നാളികേരം, സൗന്ദര്യ വർധക വസ്തുക്കൾ, കരകൗശല ഉൽപ്പന്നങ്ങൾ, മഷ്‌റൂം ഉപയോഗിച്ചു കൊണ്ടുള്ള വിവിധതരം സ്നാക്സുകൾ, പായസങ്ങൾ എന്നിവ മേളയിൽ ഉണ്ടായിരിക്കും. രാവിലെ 9 മുതൽ വൈകീട്ട് 5 വരെയാണ് മേള. സെപ്റ്റംബർ 6 ന് സമാപിക്കും.
കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ നിർമ്മൽ എസ് സി, ജില്ലാ പ്രോഗ്രാം മാനേജർമാരായ ശോഭു നാരായണൻ, ആദർശ് പി ദയാൽ, ബ്ലോക്ക് കോ-ഓർഡിനേറ്റർമാർ, കുടുംബശ്രീ സംരംഭകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.