തേക്കിൻകാട് മൈതാനത്തിന്റെ വികസന സാധ്യതകൾക്ക് പ്രാധ്യാന്യം നൽകുമെന്ന് ദേവസ്വംമന്ത്രി കെ രാധാകൃഷ്ണൻ. തേക്കിൻകാടിന്റെ തനിമ നിലനിർത്തിക്കൊണ്ടുതന്നെ അതിൻ്റെ വികസനത്തിന് ആവശ്യമായ എല്ലാ നടപടികളും സർക്കാർ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കൊച്ചിൻ ദേവസ്വം ബോർഡ് പ്രഥമ ഓണം – നവരാത്രി എക്സിബിഷൻ തേക്കിൻകാട് എക്സിബിഷൻ ഗ്രൗണ്ടിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

തൃശൂരിൻ്റെ ക്ഷേത്ര ടൂറിസ്റ്റ് പ്രവർത്തനങ്ങളുടെ വികസനത്തിന് സാധ്യമായതെല്ലാം സർക്കാർ ചെയ്യും. കേരളത്തിൻ്റെ ക്ഷേത്രനഗരമായി ഗുരുവായൂരിനെ മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗിക്കുകയാണെന്നും മന്ത്രി അറിയിച്ചു.

അഞ്ചുവർഷത്തിനുള്ളിൽ നാല് ദേവസ്വം ബോർഡിലെ ജീവനക്കാർക്ക് ശമ്പളവും പെൻഷനും നൽകുന്നതിനായി 450 കോടി രൂപ നൽകി. കിഫ്ബിയിൽ നിന്ന് 180 കോടി രൂപ ചെലവഴിച്ച് അഞ്ച് ക്ഷേത്ര ഇടത്താവളങ്ങൾ നിർമ്മിക്കുകയാണ്. ശബരിമല മാസ്റ്റർ പ്ലാൻ നിർമ്മാണത്തിന് 66 കോടി രൂപ അനുവദിച്ചതായും മന്ത്രി പറഞ്ഞു.

ചടങ്ങിൽ വെച്ച് പി ബാലചന്ദ്രൻ എം എൽ എ കൊച്ചിൻ ദേവസ്വം ബോർഡ് ഉപദേശക സമിതി പ്രസിഡൻ്റ് പി പങ്കജാക്ഷന് ഓണം – നവരാത്രി എക്സിബിഷൻ ടിക്കറ്റിൻ്റെ ആദ്യവിൽപ്പന നടത്തി.

കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി നന്ദകുമാർ അധ്യക്ഷത വഹിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു, ടി എൻ പ്രതാപൻ എംപി , ജില്ലാ കലക്ടർ ഹരിത വി കുമാർ തുടങ്ങിയവർ മുഖ്യാതിഥികളായി. കൗൺസിലർ പൂർണ്ണിമ സുരേഷ്, കൊച്ചിൻ ദേവസ്വം ബോർഡ് മെമ്പർ വി കെ അയ്യപ്പൻ, ദേവസ്വം കമ്മീഷണർ എൻ ജ്യോതി, കൊച്ചിൻ ദേവസ്വം ബോർഡ് സെക്രട്ടറി പി ഡി ശോഭന തുടങ്ങിയവർ പങ്കെടുത്തു.

ക്ഷേത്ര മൈതാനത്തെ എക്സിബിഷൻ ഗ്രൗണ്ടിൽ 200 സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്. എക്സിബിഷൻ 53 ദിവസം നീണ്ടുനിൽക്കും. അമൃത് നാഥ് മോഡൽ, ത്രീഡി ഷോ തുടങ്ങി വിവിധ സ്റ്റാളുകൾ എക്സിബിഷനിലുണ്ട്.