ഓണക്കാലത്ത് വ്യാപാര സ്ഥാപനങ്ങളില്‍ അളവിലും തൂക്കത്തിലും കൃത്യത ഉറപ്പു വരുത്തുന്നതിനായി ലീഗല്‍ മെട്രോളജി വകുപ്പ് വിവിധ സ്‌ക്വാഡുകളിലായി പരിശോധന തുടങ്ങി. ജില്ലയില്‍ 55 സ്ഥാപനങ്ങളിലായി നടത്തിയ പരിശോധനയില്‍ യഥാസമയം മുദ്ര ചെയ്യാത്ത അളവ് തൂക്ക ഉപകരണങ്ങള്‍ ഉപയോഗിച്ച് വില്പന നടത്തിയവര്‍ ക്കെതിരെ ഏഴ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പിഴ ഇനത്തില്‍ 4000 രൂപ ഈടാക്കി. പായ്ക്കറ്റുകളില്‍ നിര്‍ദിഷ്ട പ്രഖ്യാപനങ്ങള്‍ ഇല്ലാതെ വില്പന നടത്തിയവര്‍ക്കെതിരെയും കേസെടുത്തു. ഈ ഇനത്തില്‍ 5000 രൂപയാണ് പിഴയായി ഈടാക്കിയത്. ഓണം പ്രമാണിച്ച് സെപ്റ്റംബര്‍ ഏഴ് വരെയാണ് ലീഗല്‍ മെട്രോളജി വകുപ്പ് മിന്നല്‍ പരിശോധന നടത്തുന്നത്. ഇതോടൊപ്പം ജില്ലാ ലീഗല്‍ മെട്രോളജി ഓഫീസില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നു. ലീഗല്‍ മെട്രോളജി അസിസ്റ്റന്റ് കണ്‍ട്രോളര്‍ ടി.പി റമീസിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഇന്‍സ്പെക്ടര്‍ പി. ഫിറോസ്, ഇന്‍സ്പെക്ടിങ് അസിസ്റ്റന്റ്മാരായ പി.ആര്‍ ഷെന്‍, എ.മുഹമ്മദ്, എ.സുബൈര്‍ ജീവനക്കാരായ സി.എസ് റിനീഷ്, വി.എം മനോജ്, എ.സി രാജന്‍, ബിനു മാത്യു എന്നിവരും പങ്കെടുത്തു.